ദില്ലി: (www.evisionnews.in) ആര്‍. എസ്. എസ് ആസ്ഥാന നഗരിയായ നാഗ്പൂരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ്. അംബേദ്കറിന്റെ 125 ആം ജന്‍മവാര്‍ഷികദിനത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇതിനിടെ, കനയ്യയ്ക്കും ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യയ്ക്കുമെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന സര്‍വകലാശാലയുടെ അന്വേഷണസമിതി റിപ്പോര്‍ട്ട് ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ ജനറല്‍ ബോഡി യോഗം തള്ളി.
2014 ല്‍ ദേശീയ അവാര്‍ഡ് നേടിയ ചൈതന്യ തംഹാനെയുടെ കോര്‍ട്ട് എന്ന സിനിമയിലെ പ്രധാനവേഷം കൈകാര്യം ചെയ്ത വീര സത്തിദാര്‍ എന്ന നടനും കനയ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ദീക്ഷാഭൂമിയിലേയ്ക്കുള്ള പാതയിലേയ്ക്ക് കടന്നയുടനെ കനയ്യയുടെ കാറിനു നേരെ ഒരു സംഘം അക്രമികള്‍ കല്ലെറിയുകയായിരുന്നു. അക്രമത്തില്‍ കാറിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ആറ് ബജ്‌രംഗദള്‍ പ്രവര്‍ത്തകരെ നാഗ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭരണഘടനാ ശില്‍പി ഭീം റാവ് അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച നാഗ്പൂരിലെ ദീക്ഷാഭൂമി സന്ദര്‍ശിയ്ക്കാനെത്തിയപ്പോഴാണു കനയ്യയ്‌ക്കെതിരെ ആക്രമണമുണ്ടായത്. ദീക്ഷാഭൂമിയില്‍ വെച്ച് പ്രോഗ്രസ്സീവ് സ്റ്റുഡന്റ്‌സ് യൂത്ത് ആക്ഷന്‍ കമ്മിറ്റിയെന്ന വിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു കനയ്യ.
ആര്‍എസ്എസിന്റെ ആസ്ഥാനം കൂടിയായ നാഗ്പൂരില്‍ കനയ്യ പങ്കെടുക്കുന്ന പരിപാടി നടത്താനനുവദിയ്ക്കില്ലെന്ന് നേരത്തെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു.
keywords: kanaya-kumar-vehicle-stoned
Post a Comment
0 Comments