ന്യൂഡല്‍ഹി: (www.evisionnews.in) ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനുനേരെ വധശ്രമം. മുംബൈ – പൂനെ വിമാനത്തിനുള്ളില്‍വെച്ചാണ് കനയ്യയ്ക്കുനേരെ വധശ്രമമുണ്ടായത്. സഹയാത്രികന്‍ കനയ്യയെ കടന്നാക്രമിക്കുകയായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമണം നടന്നത്. അക്രമിയെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.
ഇതിനുമുന്‍പും ഒന്നിലേറെ തവണ കനയ്യ കുമാറിനുനേരെ ആക്രമണവും വധശ്രമവും നടന്നിരുന്നു. പാട്യാലഹൌസ് കോടതില്‍വെച്ച് അഭിഭാഷകരായ സംഘപരിവാര്‍ ഗുണ്ടകള്‍ കനയ്യയെ ആക്രമിച്ചിരുന്നു. കനയ്യയെ വെടിവെച്ചുകൊല്ലുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പൂര്‍വ്വാഞ്ചല്‍ സേന പോസ്റ്ററും പതിച്ചു. കനയ്യയുടെ നാവ് മുറിച്ചെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവമോര്‍ച്ച നേതാവും രംഗത്തുവന്നിരുന്നു.
കനയ്യക്ക് നേരെ വധഭീഷണി ഉള്ളതിനാല്‍ ജെഎന്‍യു ക്യാംപസില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച കനയ്യകുമാര്‍ 21 ദിവസത്തിനുശേഷം ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്. കനയ്യകുമാറിന് ശക്തമായ സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. മകന് സുരക്ഷ നല്‍കണമെന്ന കനയ്യയുടെ അമ്മയും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയ്ക്കാണ് കനയ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
കനയ്യ കുമാര്‍ പങ്കെടുത്ത പരിപാടിക്കിടെ വിവാദ പരാമള്‍ശങ്ങള്‍ എഡിറ്റ് ചെയ്ത ചേര്‍ത്ത് സംപ്രേക്ഷണം ചെയ്ത മൂന്ന് വാര്‍ത്താ ചാനലുകള്‍ക്കെതിരെ കേസെടുത്തു ദിവസങ്ങള്‍ക്കുള്ളിലാണ് കനയ്യയ്ക്കുനേരെ ആക്രമണം ഉണ്ടായത്. സി ന്യൂസ്, ടൈംസ്നൌ, ന്യൂസ് എക്സ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
keywords: kanaya-kumar-assault-in-jet-airways

Post a Comment
0 Comments