അഡൂര്‍ (www.evisionnews.in): റോഡിന് നടുവിലെ വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതു മൂലം അഡൂര്‍ -മണ്ടക്കോല്‍ റോഡ് പണി മുടങ്ങി. മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും വൈദ്യുത പോസ്റ്റുകള്‍ റോഡില്‍ നിന്നു മാറ്റാത്തതിനാല്‍ മെക്കാഡം ടാറിംഗ് ചെയ്യാനാകാത്ത അവസ്ഥയാണ്. ഇതിനാവശ്യമായ തുക മാസങ്ങള്‍ക്കു മുമ്പേ കെഎസ്ഇബിയില്‍ അടച്ചെങ്കിലും ഇതുവരെ തൂണുകള്‍ മാറ്റിയിട്ടില്ല. നേരത്തെ മൂന്നു മീറ്റര്‍ വീതിയുണ്ടായിരുന്നപ്പോള്‍ റോഡരികില്‍ സ്ഥാപിച്ചതാണിവ. എന്നാല്‍ അഞ്ചര മീറ്ററാക്കി വീതി വര്‍ധിപ്പിച്ചപ്പോള്‍ തൂണുകള്‍ റോഡിനു ഒത്തനടുവിലായി.
ഇവ അരികിലേക്കു മാറ്റി സ്ഥാപിക്കുന്നതിനു കെഎസ്ഇബി എസ്റ്റിമേറ്റ് നല്‍കിയതു പ്രകാരം രണ്ടര ലക്ഷം രൂപ മൂന്നു മാസം മുമ്പു കരാറുകാരന്‍ അടച്ചിരുന്നു. എന്നിട്ടും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ പോസ്റ്റ് മാറ്റുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു മൂലം ടാറിംഗ് നടത്താനാവാതെ പണി നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണ്. ഈ സീസണില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പണി ഇതോടെ നീളുമെന്ന് ഉറപ്പായി. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നിയോഗിച്ച പ്രഭാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ഈ റോഡ് നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു നിര്‍മാണം തുടങ്ങിയത്. റോഡിന്റെ വീതികൂട്ടലും കലുങ്ക് നിര്‍മാണവുമെല്ലാം നേരത്തെ പൂര്‍ത്തിയായി. ടാറിങ് മാത്രമാണ് ഇനി ബാക്കിയുള്ളത്.
Post a Comment
0 Comments