കാസര്‍കോട്: (www.evisionnews.in) സീറ്റുറപ്പിക്കാനും പിടിച്ചെടുക്കാനും ഇടതു-വലതു മുന്നണികള്‍ കിണഞ്ഞുശ്രമിക്കുന്നതിനിടയില്‍ താമര വിരിയുമെന്ന പ്രതീക്ഷയോടെ ബി ജെ പിയും രംഗം കൊഴുപ്പിച്ചതോടെ ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ പോരാട്ടം വരുംദിവസങ്ങളില്‍ അതിശക്തമാകും.
ജില്ലയില്‍ മഞ്ചേശ്വരത്തും ഉദുമയിലുമാണ് ശക്തമായ പോര് നടക്കുന്നതെന്ന് ഉറപ്പായിക്കഴിഞ്ഞു. ഉദുമയില്‍ കണ്ണൂരില്‍നിന്ന് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് രണ്ടരപ്പതിറ്റാണ്ടായി സീറ്റില്‍ തുടരുന്ന സി പി എമ്മിന് വിജയം ആവര്‍ത്തിക്കാനും സുനിശ്ചിതമാക്കാനും ഏറെ പാടുപെടേണ്ടിവരുന്നത്.
തൃക്കരിപ്പൂരിലും ഇത് തന്നെസ്ഥിതി. മുന്‍ മുഖ്യമന്ത്രി ഇ. കെ നായനാരും കെ പി സതീശ് ചന്ദ്രനും കെ കുഞ്ഞിരാമനും തുടരുന്ന തൃക്കരിപ്പൂര്‍ സീറ്റ് പിടിച്ചെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. മണ്ഡലം രൂപീകരിച്ച 1977 മുതല്‍ സി പി എം മാത്രമാണ് വിജയിച്ചത്. ഈ മണ്ഡലം പിടിച്ചെടുക്കാനാണ് അയല്‍മണ്ഡലമായ പയ്യന്നൂരില്‍നിന്ന് കെ പി സി സി ജനറല്‍ സെക്രട്ടറിയായ കെ പി കുഞ്ഞിക്കണ്ണന്റെ വരവ്. സി പി എമ്മിലെ പി കരുണാകരനും നായനാരും രണ്ടുതവണ വീതവും സി ഐ ടി യു നേതാവ് അന്തരിച്ച ഒ ഭരതനും ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഈ പാരമ്പര്യം നിലനിര്‍ത്താനാണ് സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം രാജഗോപാലനെ ഇക്കുറി പോരിനിറക്കിയത്.
കാഞ്ഞങ്ങാട് എല്‍ഡിഎഫിന് ഏറ്റവും ഉറപ്പുള്ള മണ്ഡലങ്ങളിലൊന്ന്. ഇവിടെ മല്‍സരം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബിജെപി ബിഡിജെഎസ് സഖ്യത്തിന്റെ പരീക്ഷണ വേദി കൂടിയാണ് കാഞ്ഞങ്ങാട്. സ്ഥിതി: സിപിഐയുടെ മുതിര്‍ന്ന നേതാവെന്ന പരിവേഷവുമായി മല്‍സരിക്കുന്ന ഇ. ചന്ദ്രശേഖരന്‍ വോട്ട് തേടുന്നതു വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ മറികടക്കണമെങ്കില്‍ കോണ്‍ഗ്രസിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രംഗാധരന്‍ നായരുടെ മകളാണ് ധന്യാ സുരേഷ്.
ബിജെപി വോട്ടുകള്‍ പൂര്‍ണമായും സമാഹരിക്കുന്നതിനൊപ്പം സ്വന്തം നിലയില്‍ കരുത്തു കാട്ടുകയെന്നതും ബിഡിജെഎസിനു വെല്ലുവിളിയാണ്. ഇതിനായി വളരെ നേരത്തെ തന്നെ ബിഡിജെഎസ് സ്ഥാനാര്‍ഥി എം.പി. രാഘവന്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
കാസര്‍കോട്ട് നിലവിലെ എംഎല്‍എ എന്‍.എ. നെല്ലിക്കുന്ന് തന്നെയാണ് ലീഗിനായി കളത്തിലുള്ളത്. ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹി രവീശ തന്ത്രിയാണ് ബിജെപിക്കു വേണ്ടി മല്‍സരിക്കുന്നത്. ലീഗിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ ഇതേ മണ്ഡലത്തിലെ വോട്ടര്‍മാരാണെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അതിഥിയാണ്. ഈ പരിമിതി മറികടക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഎന്‍എല്ലിലെ ഡോ.എ.എ. അമീനു കഴിയുമോ എന്നും കണ്ടറിയണം. വികസനവും നഗരത്തിലെ ഉപ്പുവെള്ള ഭീഷണി മുതല്‍ ഊക്കിനടുക്കയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരെ പലതും ചര്‍ച്ചയാവുന്ന പോരാട്ടമാണിവിടെ.
എല്ലാവര്‍ക്കും ഒരേ പ്രതീക്ഷ നല്‍കുന്ന സംസ്ഥാനത്തെ അപൂര്‍വ മണ്ഡലങ്ങളിലൊന്ന് മഞ്ചേശ്വരം. രണ്ടാം സ്ഥാനം ബിജെപിക്കാണെന്നതും മണ്ഡലത്തെ ശ്രദ്ധാ കേന്ദ്രമാക്കുന്നു. ഇരുപതിലേറെ വര്‍ഷം യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ച ഇവിടെ 2005 ല്‍ സിപിഎമ്മിനായി അട്ടിമറി ജയം നേടിയ സി.എച്ച്. കുഞ്ഞമ്പുവാണ് വീണ്ടും സ്ഥാനാര്‍ഥി. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും സിറ്റിങ് എംഎല്‍എ യുഡിഎഫിലെ പി.ബി. അബ്ദു!ല്‍റസാഖും മല്‍സരിക്കുന്ന മണ്ഡലത്തില്‍ പോരാട്ടം തീപാറും.
keywords: kasaragod-constituency-assembly-election






Post a Comment
0 Comments