കൊച്ചി: ബാര്‍കോഴക്കേസില്‍ യുഡിഎഫ് സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള കിഴക്കേകോട്ടയിലെ രാജധാനി ഹോട്ടല്‍ കെട്ടിടം പൊളിച്ചുനീക്കാമെന്ന് ഹൈക്കോടതി ഉത്തരവ്.എന്നാല്‍ പ്രധാന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കരുതെന്നും, കൈയേറ്റ ഭാഗങ്ങള്‍ അളന്നു തിട്ടപ്പെടുത്തി വേണം പൊളിക്കേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ടാണ് ബിജു രമേശ് പുറമ്പോക്ക് ഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയതെന്ന് കണ്ടെത്തിയത്.
അതേസമയം അഡ്വക്കേറ്റ് ജനറല്‍ കള്ളങ്ങള്‍ പറഞ്ഞാണ് തനിക്കെതിരെ കോടതിയില്‍ നിന്നും വിധി സമ്പാദിച്ചിരിക്കുന്നതെന്ന് ബിജു രമേശ് പറഞ്ഞു. താന്‍ പുറമ്പോക്ക് ഭൂമിയില്‍ യാതൊരു നിര്‍മ്മാണങ്ങളും നടത്തിയിട്ടില്ലെന്നും, നിയമത്തിന്റെ പക്കല്‍ നിന്നും പൂര്‍ണമായ നീതി കിട്ടുമെന്നും, ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ജില്ലാ ഭരണകൂടം എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയെ തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ടിരുന്നു. ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനായി ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്ത ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് നടപടി.
കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിങ്‌സ് തെക്കനംകര കനാല്‍ കൈയേറിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. കെട്ടിടം പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ ബിജു രമേശ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്തി സംയുക്ത പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് റവന്യൂ സംഘം നടത്തിയ പരിശോധനയില്‍ ബിജു രമേശിനെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.
നഗരത്തിലെ പൈതൃക മേഖലയായി പ്രഖ്യാപിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന ഭാഗത്ത് നിര്‍മിച്ച കെട്ടിടമാണ് ചട്ടം ലംഘിച്ചതായി അഞ്ചുവര്‍ഷം മുമ്പ് കണ്ടെത്തിയത്. ഇതില്‍ ചട്ടവിരുദ്ധമായ ഭാഗങ്ങള്‍ പൊളിക്കാന്‍ അന്നു തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും കോര്‍പ്പറേഷന്‍ ഇഴഞ്ഞുനീങ്ങി ഉടമയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയായിരുന്നു.
നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം തെക്കനംകര കനാല്‍ കൈയേറി നിര്‍മ്മിച്ച ഈ കെട്ടിടമാണെന്ന് ഓപ്പറേഷന്‍ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി ബില്‍ഡിങ്‌സ് പൊളിക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടത്. എന്നാല്‍ നടപടിക്രമങ്ങളിലെ വീഴ്ച കാരണം കെട്ടിടമുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യം നല്‍കിയ നോട്ടീസ് പാകപ്പിഴകള്‍ നിറഞ്ഞതായതിനാല്‍ ചീഫ് സെക്രട്ടറി തന്നെ ഇടപെട്ട്് ഇത് പിന്‍വലിച്ചു. തുടര്‍ന്നാണ് വിശദമായ രേഖകള്‍ സ്‌കെച്ചിന്റെ സഹായത്തോടെ നോട്ടീസിനൊപ്പം നല്‍കിയത്.
Post a Comment
0 Comments