Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ഇങ്ങനെ പോരാ: തീവ്രഹിന്ദുത്വ കാര്‍ഡിറക്കണമെന്ന് അമിത് ഷാ


ന്യൂഡല്‍ഹി (www.evisonnews.in): തന്ത്രങ്ങള്‍ ഫലിക്കാതെ വന്നപ്പോള്‍ കേരളത്തില്‍ താമര വിരിയിക്കാന്‍ തീവ്രഹിന്ദുത്വ കാര്‍ഡിറിക്കാന്‍ ബിജെപി-ബിഡിജെഎസ് നേതൃ യോഗം തീരുമാനിച്ചു. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയെ കൂട്ടുപിടിച്ചിട്ടും ബീജെപിയുടെ ഗ്രാഫ് കീഴോട്ട് അനുദിനം താഴുന്നതിനിടെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീവ്രഹിന്ദുത്വ കാര്‍ഡിറക്കാന്‍ തീരുമാനമായത്. 

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണ ബോര്‍ഡുകളില്‍ നരേന്ദ്ര മോദി, വെള്ളാപ്പള്ളി നടേശന്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രചാരണത്തില്‍ മുന്നണി സ്വഭാവത്തിനു മുന്‍തൂക്കം നല്‍കണമെന്ന് അമിത് ഷായുടെ നിര്‍ദ്ദേശം. ബിജെപി നേതാക്കളുടെമാത്രം ചിത്രങ്ങള്‍ മാറ്റണം. ടിവി, പരസ്യ പ്രചാരണം മേയ് രണ്ടിനു തുടങ്ങാനും തീരുമാനമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും രംഗത്തിറങ്ങുന്നതോടെ പ്രചാരണരംഗത്തു മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. ടിവി ചാനലുകളുടെ തെരഞ്ഞെടുപ്പു സര്‍വേകളില്‍ പ്രവചിച്ചതിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കേരളത്തില്‍ എന്‍ഡിഎയ്ക്കു കാഴ്ചവയ്ക്കാനാകുമെന്നു ബിജെപി ബിഡിജെഎസ് നേതാക്കള്‍ യോഗത്തില്‍ അവകാശപ്പെട്ടു. കേരളത്തിലെ എന്‍ഡിഎ ഘടകകക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തന ഏകോപന ചുമതല ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് നിര്‍വഹിക്കും. 

ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാം സ്ഥാനാര്‍ഥികളായ സാഹചര്യത്തിലാണു കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവായ ബി.എല്‍.സന്തോഷിന് എന്‍ഡിഎയുടെ ഏകോപന ചുമതല നല്‍കിയത്. ജില്ലാതലത്തിലും എന്‍ഡിഎ ഏകോപന സമിതികള്‍ക്കു രൂപം നല്‍കും. കാസര്‍കോട്ട് രവീശതന്ത്രിയും തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ കുമ്മനം രാജശേഖരനും ക്രിക്കറ്റ് ശ്രീശാന്തിനും ടിക്കറ്റ് നല്‍കിയത് ആര്‍എസ്എസ് -അമിത് ഷാ അച്ചുതണ്ടിന്റെ തീരുമാനപ്രകാരമായിരുന്നു. ഏറ്റവുമൊടുവില്‍ ആദിവാസി ഗോത്രസഭാ നേതാവ് സി.കെ ജാനുവിനെ സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതേ അച്ചുതണ്ടിന്റെ നീക്കങ്ങളെ തുടര്‍ന്നായിരുന്നു. 

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, രാജീവ് പ്രതാപ് റൂഡി, ബിജെപി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ്, കെ.ആര്‍ ഉമാകാന്തന്‍, ബിഡിജെഎസ് നേതാക്കളായ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, വിഎച്ച്പി നേതാവ് പ്രദീഷ് വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad