രാജ്യത്തെ നടുക്കിയ സംഭവമായി പരവൂരിലെ വെടിക്കെട്ട് ദുരന്തം. ജീവന്‍ പൊലിഞ്ഞ പലരെയും ഇനിയും തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കി മരണ സംഖ്യ വര്‍ധനവ് തടയാന്‍ തീവ്ര ശ്രമം നടത്തി കൊണ്ടിരിക്കുകയാണ് ഡോക്ടര്‍മാരും ജീവനക്കാരും. ദുരന്ത സ്ഥലവും പരിക്കേറ്റവരെയും പ്രധാനമന്ത്രിയും, രാഹുല്‍ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിക്കുകയുണ്ടായി. തെരഞ്ഞെടുപ്പു അടുത്തത് കൊണ്ടാകാം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ദേശീയ നേതാക്കളെ തന്നെ സന്ദര്‍ശനത്തിനായി വരുത്തിച്ചത്. തങ്ങളുടെ നേതാക്കള്‍ സന്ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും മത്സരിക്കുകയാണ്.
യഥാര്‍ഥത്തില്‍ ഇത്തരം ദുരന്തവേളകളില്‍ വി.വി.ഐ.പികളുടെ സന്ദര്‍ശനം രോഗികള്‍ക്ക് ആശ്വാസത്തിനു പകരം കൂടുതല്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പരിക്കേറ്റവരെ എത്രയും പെട്ടന്ന് ആശുപത്രികളില്‍ എത്തിക്കുക എന്നതാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ലക്ഷ്യം. ഇത് തന്നെയായിരിക്കും വേദനകൊണ്ട് പുളയുന്ന രോഗികളും ആഗ്രഹിക്കുക. എന്നാല്‍ വി.വി.ഐ.പികളുടെ സന്ദര്‍ശനം ശരിയായ രീതിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു തടസ്സമാവുകയാണ് ചെയ്യുന്നത്. വി.വി.ഐ.പികള്‍ എത്തുന്നതോടെ രോഗികള്‍ക്ക് പകരം നേതാക്കളിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരികയാണ് ജനങ്ങള്‍ക്കും അധികാരികള്‍ക്കും. വി.വി.ഐ.പികള്‍ സന്ദര്‍ശനത്തിനു എത്തുമ്പോള്‍ പ്രോട്ടോകോള്‍ പാലിക്കാനായിരിക്കും പോലീസും അധികാരികളും ശ്രദ്ധിക്കുക. പ്രൊട്ടോകാള്‍ വേണ്ടെന്നു നേതാക്കള്‍ പറഞ്ഞാല്‍ പോലും അത് പാലിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ല. ഇടവിട്ടിടവിട്ടു നേതാക്കള്‍ എത്തുമ്പോള്‍ അവര്‍ക്ക് വേണ്ടി ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തേണ്ടി സ്ഥിതി വരും ഇത് മൂലം വലയുന്നത് രോഗികളും രക്ഷാ പ്രവര്‍ത്തകരുമാണ്. (www.evisionnews.in)
പരവൂരില്‍ ഗുരുതരാവസ്ഥയിലായ രോഗികളെ കൊല്ലത്തെ ഹോസ്പിറ്റലുകളില്‍ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്ക് മാറ്റുന്നത് പ്രധാനമന്ത്രിക്ക് വേണ്ടി വൈകിപ്പിക്കേണ്ടി വന്നു എന്നാണു കേള്‍ക്കുന്നത്. അതിഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിടുന്ന രോഗികളോടാണ് നാം ഈ ക്രൂരത ചെയ്യുന്നത്. പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ പോകുന്നവരും രക്ഷാപ്രവര്‍ത്തനത്തിനു പോകുന്നവരും ഗതാഗത കുരുക്കില്‍ പെടുമ്പോള്‍ ജീവന് വേണ്ടി യാചിക്കുന്ന രോഗികളോട് കൊടും ക്രൂരതയാണ് കാ്ട്ടുന്നത്. വി.വി.ഐ.പികളെല്ലാം മാധ്യമങ്ങള്‍ക്ക് മുഖം കാണിക്കുന്നതിന്റെയും അനുശോചനം അറിയിക്കുന്നതിന്റെയും തിരക്കിലാണ്. ഈ സമയം പരിചരണം വേണ്ട രോഗികളേക്കാള്‍ ശ്രദ്ധ നേതാക്കളിലാവുകയാണ് പലര്‍ക്കും. ദുരന്ത മുഖത്തും ആശുപത്രികളിലും ഓടിയെത്തി രോഗികള്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നതിനു പകരം കൃത്യമായ രക്ഷാപ്രവര്‍ത്തനത്തിനും പരിചരണത്തിനും സൗകര്യമൊരുക്കുകയാണ് നേതാക്കള്‍ ചെയ്യേണ്ടത്.

Post a Comment
0 Comments