കാസര്‍കോട്:(www.evisionnews.in)ചൈനീസ് ആയോധനകലയായ വുഷുവില്‍ നേട്ടം കൊയ്ത് കാസര്‍കോട്ടെ താരങ്ങള്‍ ശ്രദ്ധേയരായി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സബ്ജൂനിയര്‍ മത്സരത്തില്‍ രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് കാസര്‍കോട്ടെ താരങ്ങള്‍ നേടിയത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ആറ് മാസം മുന്‍പാണ് ഈ ആയോധനകലയ്ക്ക് അംഗീകാരം നല്‍കിയത്.
വുഷു അസോസിയേഷന്‍ ഓഫ് കാസര്‍കോടിന്റെ നേതൃത്വത്തിലാണ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം രേവതി, പി വി ശ്രീലക്ഷ്മി എന്നിവര്‍ സ്വര്‍ണം നേടി. സ്നിദ്ധ് സുരേഷ്, ഇര്‍ഫാന്‍ ബിന്‍ മുഹമ്മദ്, ഷാഹിദ് അഫ്രീദ് എന്നിവര്‍ വെള്ളിയും കെ.ടി.അര്‍ജുന്‍, അഞ്ജലി.വി.നായര്‍, വി.ലയന എന്നിവര്‍ വെങ്കലവും നേടി. കെ വി സുകേഷാണ് പരിശീലകന്‍. പി അമീര്‍ അലിയാണ് ടീം മാനേജര്‍.
ആദ്യമത്സരത്തില്‍ തന്നെ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കുണുന്നുവെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനിയായ അഷ്റഫ് മധൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തായ്കോണ്ടോ, തംങ്സുഡോ എന്നീ ആയോധന കലകളില്‍ നിന്നും വ്യത്യസ്തമായ വുഷുവിന് ജില്ലയിലെ പലസ്ഥലത്തും പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോള്‍ 650പേരാണ് ഈ ആയോധനകലയില്‍ പരിശീലനം നടത്തിവരുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ എ വി അനില്‍കുമാര്‍, എ കെ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Post a Comment
0 Comments