ചെറുവത്തൂര്‍ (www.evisionnews.in): വോളി ബോളിന്റെ ഇടിമുഴക്കത്തില്‍ കാണികളെ ആവേശത്തിമിര്‍പ്പിലാറാടിക്കാന്‍ ചെറുവത്തൂര്‍ ഒരുങ്ങി. സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ കൊടക്കാട് നാരായണ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ നാളെ മുതല്‍ ചെറുവത്തൂരിലാണ് സംസ്ഥാന ഇന്റര്‍ക്ലബ്ബ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. രാജ്യാന്തര കബഡിയും സംസ്ഥാന കമ്പവലി മത്സരവും നടന്നതിന് പിന്നാലെയെത്തുന്ന ഇന്റര്‍ക്ലബ്ബ് വോളിബോളിനെ നാടിന്റെ ഉത്സവമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
പുരുഷ -വനിതാ വിഭാഗത്തിലായി 14 ടീമാണ് മത്സരത്തിനെത്തുക. ഇന്ത്യന്‍ നേവി, ബിപിസിഎല്‍ കൊച്ചി, കേരള പൊലീസ്, ഇന്ത്യന്‍ ആര്‍മി, കെഎസ്ഇബി തിരുവനന്തപുരം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കസ്റ്റംസ് കൊച്ചി, സായി കാലിക്കറ്റ്, പോസ്റ്റല്‍ തിരുവനന്തപുരം എന്നീ പുരുഷ ടീമുകളും കേരള പൊലീസ്, കെഎസ്ഇബി തിരുവനന്തപുരം, അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, സായി തലശേരി, കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളേജ് എന്നീ വനിതാ ടീമുകളുമാണുള്ളത്. വിവിധ ടീമുകളിലായി ദേശീയതാരങ്ങളും അണിനിരക്കും.
പ്രത്യേകം സജ്ജമാക്കിയ സ്റ്റേഡിയത്തിലായിരിക്കും മത്സരം അരങ്ങേറുക. ഞായറാഴ്ച വൈകിട്ട് 6.30ന് മുന്‍ ഇന്ത്യന്‍ വോളി ക്യാപ്റ്റന്‍ ജോബി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രചാരണാര്‍ഥം ശനിയാഴ്ച വൈകിട്ട് അഞ്ചിന് ചെറുവത്തൂരില്‍നിന്ന് വിളംബര യാത്രയാരംഭിക്കും. ദിവസവും വൈകിട്ട് 6.30ന് മത്സരം ആരംഭിക്കും. ദിവസേന മൂന്ന് കളിയാണ് നടക്കുക. എട്ട് ദിവസമായി നടക്കുന്ന മത്സരം 20ന് സമാപിക്കും. പത്രസമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ, മാധവന്‍ മണിയറ, എം അച്യുതന്‍, കെ എസ് ശ്രീനിവാസന്‍, കെ ബാലകൃഷ്ണന്‍, പി കെ മധു, കെ പി ധനരാജ്, നീലഗിരി ലത്തീഫ്, സത്യനേശന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments