കാസര്‍കോട്:(www.evisionnews.in) സുനാമി ദുരന്തം നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാസര്‍കോട് കസബ കടപ്പുറത്ത് സുനാമി മോക്ക് ഡ്രില്‍ നടത്തി. ജില്ലാഭരണകൂടത്തിന്റെ ഏകോപനത്തിലും കൃത്യനിര്‍വ്വഹണത്തിലുളള കാര്യക്ഷമതയുടെ നേര്‍ക്കാഴ്ചയായി ഇത് മാറി.
വെളളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് 9 മാഗനിറ്റിയൂഡ് രേഖപ്പെടുത്തിയ, പാകിസ്ഥാന്‍ തീരത്തുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്ത്യന്‍ തീരത്ത് സുനാമി തിരമാലകള്‍ ആഞ്ഞ് വീശുമെന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ജില്ലാ കളക്ടര്‍ക്ക് ലഭിച്ച സന്ദേശത്തോടെയാണ് മോക്ക് ഡ്രില്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 3.30 നും വൈകുന്നേരം 6.30 നും ഇടയില്‍ ചന്ദ്രഗിരി തീരത്ത് സുനാമി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് ലക്ഷം കുടുംബങ്ങളെ സുനാമി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. 2.5 മീറ്റര്‍ ഉയരത്തില്‍ കടല്‍തിരമാല ആഞ്ഞടിക്കുമെന്നാണ് സന്ദേശം.
സന്ദേശം ലഭിച്ചയുടന്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളെ വിളിച്ചു വരുത്തി അടിയന്തിര യോഗം ചേര്‍ന്നു. ചന്ദ്രഗിരി കസബ കടപ്പുറത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 150 കുടുംബങ്ങളിലായി 1000 പേരെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വികരിച്ചു. ഈ വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു..കാസര്‍കോട് താലൂക്കിലും കസബ കടപ്പുറത്തും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. . സുനാമി മുന്നറിയിപ്പ് ലഭിച്ചയുടന്‍ ജില്ലാ പോലീസ് മേധാവിയുടെ അടിയന്തിര നിര്‍ദ്ദേശ പ്രകാരം തീരദേശ പോലീസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കസബകടപ്പുറത്ത് ഗതാഗത ക്രമീകരണം നടത്തി. സബ് കളക്ടര്‍ താലൂക്ക് ആസ്ഥാനത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ അടിയന്തിര സാഹചര്യം നേരിടുന്നതിനായി കാസര്‍കോട് അമേച്വര്‍ റേഡിയോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ഹാം റേഡിയോ സംവിധാനമൊരുക്കി.ആരോഗ്യ വകുപ്പ് ആംബുലന്‍സ് ഉള്‍പ്പെടെ കസബ കടപ്പുറത്ത് അടിയന്തിര മെഡിക്കല്‍ സംവിധാനം ഒരുക്കി.
കസബ കടപ്പുറത്ത് റവന്യൂ, പോലീസ്, ആരോഗ്യം, പി ആര്‍ ഡി, ഫയര്‍ഫോഴ്‌സ്, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തി. ദുരന്തത്തിന് ഇരയായവരെ രക്ഷിക്കുന്നതിനും ആശുപത്രികളിലെത്തിക്കുന്നതിനും നാട്ടുകാരുള്‍പ്പെടെയുളളവര്‍ മോക്ക് ഡ്രില്ലില്‍ പങ്കാളികളായി. മോക്ക് ഡ്രില്ലിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കാന്‍ പ്രദേശത്ത് ബാനറുകളും പേ#ാസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിരുന്നു. സമയനിഷ്ഠയും മികച്ച രീതിയിലുളള ഏകോപനവും മോക്ക് ഡ്രില്ലിനെ മികവുറ്റതാക്കി. തീരദേശത്തുളളവരെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി. കടലിലുണ്ടായിരുന്ന മത്സ്യബന്ധന യാനങ്ങളെ തിരിച്ച് വിളിച്ചു. കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ്, സബ് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ബി അബ്ദുള്‍ നാസര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ എന്‍ എച്ച്) ഗോവിന്ദന്‍ പലങ്ങാട്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ പി ദിനേശ്കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ ജെ സൈറസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍,ജില്ലാ അഡീഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍ നോഡല്‍ ഓഫീസറായ വെളളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.






Post a Comment
0 Comments