തിരുവനന്തുപരം (www.evisionnews.in): സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍പോലും നടക്കാത്ത ഇടതുമുന്നണിയില്‍ വിഎസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഎമ്മിനെതിരെ സിപിഐ കടന്നാക്രമണം തുടങ്ങി. വിഎസിന് ഇക്കുറി സീറ്റ് നിഷേധിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സിപിഐ നേതാവും മുന്‍മന്ത്രിയുമായ സി ദിവാകരന്‍ ഒരു മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു. സിപിഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ബൂര്‍ഷ്വാ പാര്‍ട്ടി ചര്‍ച്ചകളാണെന്നും ദിവാകരന്‍ ആരോപിച്ചു.
വിഎസും പിണറായിയും മത്സരിക്കണമോ എന്ന ചര്‍ച്ചകള്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും ദിവാകരന്‍ തുറന്നടിച്ചു. മുമ്പും സി ദിവാകരന്‍ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയും കാനം രാജേന്ദ്രനും ഈ ആവശ്യം ഉന്നയിച്ച് ഒരിക്കല്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വ കാര്യം സിപിഎമ്മിന്റത് മാത്രമാണെന്ന് പറഞ്ഞ് ഈ വിവാദത്തില്‍ നിന്ന് തലയൂരിയിരുന്നു. അതിനിടയിലാണ് ദിവാകരന്‍ സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ച് വിസ് വിഷയം വീണ്ടും പുറത്തിട്ടത്.

Post a Comment
0 Comments