ഉപ്പള (www.evisionnews.in): പോലീസിനെയും നിയമവാഴ്ച്ചയെയും നോക്കുകുത്തിയാക്കി ഉപ്പളയില്‍ ഗുണ്ടാസംഘം അഴിഞ്ഞാടുന്നു. ഇതിനെതിരെ ചെറുവിരലനക്കാന്‍ ജില്ലാ ഭരണകൂടത്തിനും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിനും കഴിയുന്നില്ല. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഗുണ്ടാസംഘത്തെ നിയന്ത്രിക്കുന്നത് മംഗളൂരു -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ തടവിലുള്ള കുപ്രസിദ്ധ ഗുണ്ടകളാണ്.
വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ കൈക്കമ്പയിലെ അഷ്ഫാഖിനെ (32) കാറിലെത്തിയ മൂന്നംഗ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അഷ്ഫാഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലിരിക്കുകയായിരുന്ന അഷ്ഫാഖിനെ കാറിലെത്തിയ സംഘം ആഞ്ഞുവെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ക്കെതിരെയും അക്രമികള്‍ വാളോങ്ങി.
ഉപ്പളയില്‍ തോക്കുമായി പിടികൂടിയ കേസില്‍ അഷ്ഫാഖ് പ്രതിയാണ്. ഗുണ്ടാതലവനും കൊലക്കേസ് പ്രതിയുമായ കാലിയാ റഫീഖിനെ കൊല്ലാന്‍ എതിരാളിയായ കസായി അലി അഷ്ഫാഖിനെ തോക്കുമായി നിയോഗിക്കുകയായിരുന്നു. ഇതിന് ശേഷം ഉപ്പളയില്‍ റഫീഖന്റെയും അലിയുടെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങള്‍ ചേരിതിരിഞ്ഞ് വെടിവെപ്പ് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റിലായ റഫീഖും അലിയും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് കാപ്പ കേസും ചുമത്തിയിരുന്നു.

Post a Comment
0 Comments