കാസര്‍കോട് (www.evisionnews.in): രൂക്ഷമായ മണല്‍ ക്ഷാമം മൂലം ജില്ലയിലെ കെട്ടിട നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയും ഈ മേഖലയിലെ തൊഴിലാളികള്‍ പൂര്‍ണമായും പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇ മണല്‍ വിതരണം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു. മണല്‍ കിട്ടാനില്ലാതെ സര്‍ക്കാറിന്റെയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ധനസഹായത്തോടെ ആരംഭിച്ച വീടുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ്് പൂര്‍ത്തീകരിക്കേണ്ട ഇത്തരം വീടുകള്‍ പാതിവഴിയിലാണ്.
2015 മേയ് മാസത്തില്‍ നിര്‍ത്തിവെച്ച ഇ മണല്‍ സംവിധാനം പൂനരാരംഭിക്കാത്തതാണ് മണല്‍ ക്ഷാമം രൂക്ഷമാക്കിയത്. ഇ മണല്‍ സംവിധാനത്തിലൂടെ പ്രതിദിനം 1120മെട്രിക് ടണ്‍ മണലാണ് ജില്ലയിലെ 44 കടവുകളില്‍ നിന്നായി വിതരണം ചെയ്തിരുന്നത്. അത് പോലും തികയാതെ ആഴ്ചകളോളം കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു.
ദേശീയ ഹരിത ട്രൈബൂണലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പുഴകളില്‍ നിന്നുള്ള മണലെടുപ്പ് നിരോധിച്ചത്. പുഴകളില്‍ മണല്‍ ഓഡിറ്റ് നടത്താതെ മണല്‍ വാരാന്‍ അനുമതി നല്‍കരുതെന്നായിരുന്നു ട്രൈബൂണല്‍ ഉത്തരവ്. ജില്ലയില്‍ ചന്ദ്രഗിരി പുഴയില്‍ മാത്രമാണ് ഓഡിറ്റ് പൂര്‍ത്തീകരിച്ചത്. ഇവിടെ മൂന്ന് വര്‍ഷത്തേക്ക് മണലെടുക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. മറ്റു പുഴകളില്‍ ഓഡിറ്റ് നടത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. തുറമുഖ വകുപ്പിന്റെ കടവുകളില്‍ നിന്നും ലഭിക്കുന്ന മണലുകള്‍ കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നുമില്ല.
മണല്‍ ക്ഷാമം രൂക്ഷമായതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മണല്‍ കടത്ത് സംഘം ജനങ്ങളെ കൊളളയടിക്കുകയാണ്. ഇ മണല്‍ സംവിധാനം വഴി 3500 രൂപ നിരക്കില്‍ ലഭിച്ചിരുന്ന ഒരു ടിപ്പര്‍ ലോഡ് മണലിന് 12,000 രൂപയിലേറെ നല്‍കേണ്ടിവരുന്ന അവസ്ഥായാണുള്ളത്. ഇക്കാര്യത്തില്‍ ജില്ലയിലെ ജനങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുന്നതിന് ഇ മണല്‍ വിതരണം പുനരാരംഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod-news-stu-a abdul rahman
Post a Comment
0 Comments