ന്യൂഡല്‍ഹി (www.evisonnews.in): സ്വവര്‍ഗ്ഗ ലൈംഗികത വിഷയത്തില്‍ സംഘപരിവാറിന്റെ യാഥാസ്ഥിതിക നിലപാടുകള്‍ മാറിമറിയുന്നു. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്നാണ് ആര്‍.എസ്.എസിന്റെ പുതിയ നയം. മറ്റുള്ളവരുടെ ജീവന് ബുദ്ധിമുട്ടാകാത്തിടത്തോളം ലൈംഗികതയുടെ തെരഞ്ഞെടുപ്പ് ഒരു കുറ്റമല്ലെന്ന് ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബലേ പറഞ്ഞു. ക്ഷേത്രപ്രവേശനത്തില്‍ ലിംഗ വിവേചനം പാടില്ലെന്ന് ആര്‍എസ്എസ് നേതൃയോഗം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വവര്‍ഗ്ഗരതി സംബന്ധിച്ച സംഘത്തിന്റെ നയം വ്യക്തമാക്കല്‍.
നേരത്തെ സ്വവര്‍ഗ ലൈംഗികതക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ അവതരിപ്പിച്ച സ്വകാര്യബില്ല് ബി.ജെ.പി നേതാക്കള്‍ വോട്ട് ചെയ്ത് തള്ളിയിരുന്നു. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ മാര്‍ഗ്ഗദര്‍ശികളില്‍ ഒരാളില്‍ നിന്നും ഇത്തരം ഒരു അഭിപ്രായം വന്നത് ഈ വിഷയം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയും ഉയര്‍ത്തുന്നുണ്ട്.
ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബി.ജെ.പി ജനറല്‍ സെക്രട്ടി റാം മാധവും സ്വവര്‍ഗ്ഗരതി വിഷയത്തില്‍ അനുകൂല പ്രസ്താവനകള്‍ നടത്തിയിട്ടുള്ളവരാണ്.

Post a Comment
0 Comments