Type Here to Get Search Results !

Bottom Ad

മരണക്കുരുക്കായി മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ്: യാത്രാ വാഹനങ്ങള്‍ക്ക് പുതിയ പാത വേണം


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം ചെക്ക്‌പോസ്റ്റ് കുരുതിക്കളമായിട്ടും നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടും ഇതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന രാഷട്രീയ നേതൃത്വത്തിനെതിരെയും ഭരണകൂടത്തിനെതിരെയും ജനരോഷം ഉയര്‍ന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മുപ്പതോളം പേരാണ് ചെക്ക് പോസ്റ്റുയര്‍ത്തിയ മരണക്കുരുക്കില്‍ പെട്ട് റോഡില്‍ പിടഞ്ഞു മരിച്ചത്. 

ഏറ്റവുമൊടുവില്‍ ബുധനാഴ്ച രാത്രി വിദ്യാര്‍ത്ഥിയായ 22കാരന്‍ മരിച്ച സംഭവത്തെതുടര്‍ന്ന് ചെക്ക് പോസ്റ്റും പരിസരവും ശാസ്ത്രീയമായി പരിഷ്‌കരിച്ച് സുഗമമായ ഗതാഗത്തിന് വഴിയൊരുക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ആവശ്യം. ചെക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന മീന്‍ലോറി സ്‌കൂട്ടറിലിടിച്ചാണ് ഉദ്യാവറിലെ മുഹമ്മദ് ഷഹ്ബാന്‍ മരിച്ചത്. ഇതിന് ഒരാഴ്ചമുമ്പ് ചെക്‌പോസ്റ്റിന് സമീപം കാര്‍ സ്‌കൂട്ടറിലിടിച്ച് ദമ്പതികള്‍ മരിച്ചിരുന്നു. മൊറത്തണ സ്വദേശികളായ മുഹമ്മദ് സക്കീര്‍, ഹസിന്‍ എന്നിവരാണ് അന്ന് അപകടത്തില്‍ മരിച്ചത്. ഇവരുടെ ഒരുവയസുള്ള മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

നാലുമാസം മുമ്പ് ചെക്ക്‌പോസ്റ്റില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ കാറിടിച്ച് ബന്തിയോട് സ്വദേശികളായ ബാലികയുള്‍പ്പെടെ ഒരുകുടുംബത്തിലെ മൂന്നുപേര്‍ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മാസങ്ങള്‍ക്കു മുമ്പ് അംഗടിപ്പദവിലെ നസീര്‍ എന്ന യുവാവിനും ചെക്ക്‌പോസ്റ്റിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ചെക്ക്‌പോസ്റ്റിന് സമീപം റോഡിനിരുവശങ്ങളിലുമാണ്. ഇതുമൂലം പരിശോധന കഴിഞ്ഞ വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ കഴിയുന്നില്ല. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ താത്കാലിക പാര്‍ക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ പലപ്പോഴും ഇവിടെ കയറുന്നില്ല. പോലീസ് എയ്ഡ് പോസ്റ്റില്ലാത്തതും പ്രധാന കാരണമാണ്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സംയോജിത ചെക്‌പോസ്റ്റ് നിര്‍മിക്കുന്നതിനായി ഒമ്പത് ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. ഈ സ്ഥലത്തിന്റെ ചെറിയൊരുഭാഗം മാത്രമാണ് താത്കാലിക പാര്‍ക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്നത്. മാസങ്ങള്‍ക്കുമുമ്പുണ്ടായ അപകടങ്ങളെത്തുടര്‍ന്ന് ചെക്‌പോസ്റ്റില്‍ റോഡിന്റെ വീതികൂട്ടാനും പാര്‍ക്കിങ് സൗകര്യമുള്‍പ്പെടെ അടസ്ഥാന സൗകര്യമേര്‍പ്പെടുത്താനും കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. പക്ഷേ, എല്ലാം കടലാസില്‍ ഒതുങ്ങി. രണ്ടാഴ്ചമുമ്പ് ദേശീയ പാതയോരം നികത്താനായി മണ്ണും കല്ലും റോഡരികില്‍ ഇറക്കിയിരുന്നു. ചെക്‌പോസ്റ്റിന് സമീപവും ഇത്തരത്തിലിറക്കിയ മണ്‍കൂനകള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. സംയോജിത ചെക്‌പോസ്റ്റിനുവേണ്ടി ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുന്നതിനിടയിലാണ് സ്ഥലപരിമിതിമൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്. 

ചെക്ക് പോസ്റ്റില്‍ യാത്രാവാഹനങ്ങള്‍ കടന്നുപോകാന്‍ പ്രത്യേക പാതയോ ഫ്‌ളൈഓവറോ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. വാളയാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ചെക്ക് പോസ്റ്റുകളിലൊന്നാണ് മഞ്ചേശ്വരത്തെത്. ഇപ്പോള്‍ മംഗലാപുരം -കാസര്‍കോട് റൂട്ടിലെ മരണക്കുരുക്കായി മാറിയ ചെക്ക് പോസ്റ്റിന്റെ ശാപമോക്ഷത്തിന് മുന്‍ കൈയെടുക്കുന്നതാരെന്നതാണ് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad