Type Here to Get Search Results !

Bottom Ad

ഹക്കീം റൂബക്ക് യൂത്ത് ലീഗിന്റെ മറുപടി;പല കാര്യങ്ങളും തുറന്ന് പറയേണ്ടി വരും

evisionnews

കോഴിക്കോട് (www.evisionnews.in): കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസുകാരുടെ പീഢനത്തിനിരയായ ഹക്കീം റുബ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍പറയുന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങളെ തുറന്നു കാണിച്ച് യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിട്ടു. റൂബാ വിഷയം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിംലീഗും പോഷകസംഘടനകളും പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭകൊടുങ്കാറ്റുയര്‍ത്തിയതും റൂബക്ക് നേരിടേണ്ടിവന്ന മനുഷ്യാവകാശ ലംഘനത്തെ തുറന്നു കാണിച്ചും നടത്തിയ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന തരത്തിലാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നതെന്നും പോസ്റ്റിലുണ്ട്. 

റൂബാ വിഷയത്തില്‍ ചില സത്യങ്ങള്‍ തുറന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഇതു വരെ ഇത് പറയാതിരുന്നത് ഹക്കീം റുബയെ പൊതു സമൂഹത്തില്‍ അപമാനിക്കേണ്ടെന്ന് കരുതിയാണ്. വ്യക്തിപരമായി എന്നെ വിമര്‍ശിച്ചത് ഞാന്‍ ക്ഷമിക്കും. പക്ഷെ മുസ്ലിം ലീഗ് നേതാക്കള്‍ കബളിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തുവെന്ന ആരോപണം ഉന്നയിച്ചത് ഏത് റൂബയാണെങ്കിലും അതിന് സത്യസന്ധമായ മറുപടി കൂടിയേ തീരൂ..

ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്ന മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ മുഖമുദ്ര വിശ്വാസ്യതയാണ്. ഒരു പ്രതിസന്ധിയിലും അത് കളഞ്ഞു കുളിച്ചിട്ടില്ലെന്നതാണ് ലീഗിന്റെ അഭിമാനകരമായ നേട്ടം.. 

ആയിരക്കണക്കിനാളുകളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് മിനിറ്റുകള്‍ കൊണ്ട് പരിഹാരമുണ്ടാക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടി എന്തിന് ഹക്കീമിന്റെ മുമ്പില്‍ അഭിനയിക്കണം? ഈ പ്രശ്‌നമേറ്റെടുക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്കറിയാമായിരുന്നു ഹക്കീം മുസ്ലിം ലീഗ് അനുഭാവി അല്ലെന്ന്. മുസ്ലിം ലീഗ് വിരുദ്ധരുടെ കൂടാരത്തിലാണെന്ന് അറിഞ്ഞിട്ടും ഒരു പ്രവാസിയുടെ വേദനക്ക് പരിഹാരമുണ്ടാക്കാന്‍ പരമാവധി ചെയ്യണമെന്ന് ഞങ്ങള്‍ കരുതി. കുറ്റപ്പെടുത്തും മുമ്പ് എത്ര ദിവസം ഈ പ്രശ്‌ന പരിഹാരത്തിനായി ഞാനും യൂത്ത് ലീഗ് പ്രസിഡണ്ട് പി.എം.സാദിഖലിയും ഓടി നടന്നെന്ന് ഹക്കീം ഓര്‍ക്കണമായിരുന്നു. (ഇതൊന്നും അറിയാഞ്ഞിട്ടല്ല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ വെളിപ്പെടുത്തല്‍). ഇപ്പോള്‍ സമന്‍സ് വന്നത് തികച്ചും സ്വാഭാവികമായ കോടതി നടപടി മാത്രമാണെന്നും പോസ്റ്റില്‍ പറയുന്നു. 

ഇതിലേക്ക് വഴിയൊരുക്കിയത് ഹക്കീമിന്റെ തല തിരിഞ്ഞ നടപടികള്‍ മാത്രമാണ്. ഹക്കീമിനെതിരെ കസ്റ്റംസ് ഡിപാര്‍ട്ട്മന്റ് കൊടുത്ത കേസില്‍ മുന്‍ കൂര്‍ ജാമ്യമെടുക്കരുതെന്ന് ഞങ്ങള്‍ പലതവണ പറഞ്ഞെങ്കിലും ഞങ്ങളറിയാതെ ഹക്കീം ചില ഉപദേശകരുടെ കുതന്ത്രത്തില്‍പെട്ട് അത് ചെയ്തു. പിന്നീട് കേസ് റഫര്‍ ചെയ്യാനുള്ള നടപടികള്‍ പുരോഗിമിക്കുന്നതിനിടയില്‍ ആരോടും പറയാതെ ഹക്കീം ദുബായിലേക്ക് മുങ്ങി. ഹക്കീമിന് കോടതി മുന്‍ കൂര്‍ ജാമ്യം നല്‍കുമ്പോള്‍ തന്നെ രാജ്യം വിടരുതെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. ഈ ജാമ്യ വ്യവസ്ഥ ലംഘിച്ചതോടെ ഞങ്ങള്‍ ആകെ ധര്‍മ്മ സങ്കടത്തിലായി. ഹക്കീമിനെ ദുബൈയില്‍ വിളിച്ച് ഞാന്‍ പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ക്കായി ചെയ്തു തന്ന ഞങ്ങളോട് ഈ കൊടും ചതി ചെയ്യരുതായിരുന്നു.ഹക്കീമിന് മറുപടി ഇല്ലായിരുന്നു.

നിയമ സംവിധാനത്തിനും ജനാധിപത്യ രീതിയിലും നില്‍ക്കുമ്പോള്‍ മാത്രമേ ഞങള്‍ക്ക് ഹക്കീമി നെ സഹായിക്കാനാകൂ. അതിന് പുറത്ത് കാര്യങ്ങള്‍ ചെയ്യുന്നവരാണ് ചുറ്റുമുള്ള ഉപദേശകരെങ്കില്‍ ഞങ്ങള്‍ നിസഹായരാണ്. ഹക്കീം പറഞ്ഞത് ഞങ്ങള്‍ ഒത്ത് തീര്‍പ്പിന് ശ്രമിച്ചുവെന്നതാണ്. ഫ്രാന്‍സിസിന്റെ അടിവസ്ത്രം കഴുകുന്ന പണിയല്ല സുഹൃത്തേ യൂത്ത് ലീഗ്കാര്‍ക്ക്.

ഈ വിഷയം നിയമസഭയിലും ലോക് സഭയിലുമുള്‍പ്പെടെ ഉന്നയിച്ച് ഞങ്ങള്‍ നടത്തിയ സമരം കൊണ്ട് മാത്രമാണ് കോടാങ്കണ്ടത്തിനെതിരെ നടപടി വന്നത്. ഇത് ഹക്കീമിനും നന്നായി അറിയാവുന്നതാണ്.ഇതൊക്കെ അറിഞ്ഞിട്ടും ആടിനെ പട്ടിയാക്കിയാല്‍ ഹക്കീം വിഷയത്തില്‍ ഇനിയും ചിലത് കൂടെ പറയേണ്ടി വരും. ഉണ്ട ചോറിന് നന്ദി കാണിക്കേണ്ട, പക്ഷെ ഇത്തരത്തില്‍ മുഖത്ത് തുപ്പുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ലെന്നും പോസ്റ്റില്‍ പറയുന്നു.

വിമർശകരേ ഇതുകൂടെ വായിക്കൂ
ഹക്കീം റുബ ഞങ്ങളെ സമീപിക്കുമ്പോൾ തന്നെ കരിപ്പൂർ പോലീസ്‌ രണ്ട്‌ കേസുകളിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. ഒന്ന് ഹക്കീം കൃത്യ നിർവ്വഹണത്തിന്‌ തടസ്സം നിന്നുവെന്ന ഫ്രാൻസിസ്‌ കോടങ്കണ്ടത്തിന്റെ കേസും രണ്ട്‌ ഫ്രാൻസിസ്‌ ഹക്കീമിനെ മർദ്ധിച്ചുവെന്ന ക്രിമിനൽ കേസും. രണ്ട്‌ കേസും ചാർജ്ജ്‌ ചെയ്യപ്പെട്ട്‌ കഴിഞ്ഞ സ്ഥിതിക്ക്‌ പോലീസ്‌ സ്റ്റേഷനിൽ വെച്ച്‌ പിൻ വലിക്കാനാവില്ലെന്ന് സാമാന്യമായി നിയമമറിയാവുന്ന ആർക്കും ബോധ്യമാകും. അടുത്ത ഘട്ടം കേസിൽ എത്രയും വേഗം കുറ്റപത്രം തയ്യാറാക്കി കോടതിയിൽ എത്തിക്കുകയും കോടതി വഴി ഹക്കീമിനെതിരെയുള്ള കേസ്‌ റഫർ ചെയ്യാൻ സർക്കാർ തലത്തിൽ നിയമപരമായ സഹായം ചെയ്യുകയുമാണ്‌. ഈ നടപടിക്ക്‌ വേഗത കൂട്ടാനാണ്‌ മലപ്പുറം ലീഗ്‌ ഓഫീസിൽ വെച്ച്‌ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തിയത്‌. അന്ന് ഹക്കീമിനൊപ്പം രണ്ട്‌ ബന്ധുക്കളും കൂടെയുണ്ടായിരുന്നു. ഞങ്ങൾ അവരോട്‌ അസന്നിഗ്ദമായി പറഞ്ഞു. നിയമ നടപടി പൂർത്തിയായി കേസ്‌ റഫർ ചെയ്യുന്ന വരെ നിങ്ങൾ കാത്തിരിക്കണം. കാരണം നിങ്ങൾ നേരത്തെ മുൻ കൂർ ജാമ്യം നേടിയതിനാൽ അതിലെ പ്രധാന വ്യവസ്ഥ, കേസ്‌ കോടതിയിലെത്തും മുമ്പ് ഹക്കീം
‌ രാജ്യം വിടരുതെന്നതാണ്‌. അപ്പോൾ ബന്ധുക്കളിലൊരാൾ പറഞ്ഞത്‌ ഹക്കീമിന്‌ ജോലി ഒരു പ്രശ്നമേയല്ല..എത്ര കാലം ഇവിടെ നിൽക്കേണ്ടി വന്നാലും ഫ്രാൻസിസിന്‌ ശിക്ഷ വാങ്ങിക്കൊടുക്കലാണ്‌ പ്രധാനം. ഞങ്ങൾ തിരിച്ചു പറഞ്ഞു. നിയമത്തിന്റെ വഴിയിൽ എത്ര പോരാടേണ്ടി വന്നാലും കരിപ്പൂരിലൂടെ തന്നെ ഞങ്ങൾ റൂബയെ തിരിച്ചു ഗൾഫിലെത്തിക്കും. അന്നാണ്‌ ഇപ്പോൾ സുഡാപ്പികൾ പ്രചരിപ്പിക്കുന്ന പോസ്റ്റ്‌ ഞാൻ എഫ്‌.ബിയിൽ ഇട്ടത്‌. അല്ലാതെ ഹക്കീം ഗൾഫിലെത്തിയ ശേഷമല്ല.
കുറ്റപത്രം ഒരാഴ്ച കൊണ്ട്‌ കോടതിയിലെത്തിക്കുകയായിരുന്നു അടുത്ത ദൗത്യം.അതിനായി യൂത്ത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റിനൊപ്പം ഞങ്ങൾ മലപ്പുറം എസ്‌. പിയെയും ഡി.വൈ.എസ്‌. പിയെയും നിരന്തരം കണ്ടു. അത്രയും സഹകരണത്തോടെ അവർ ഞങ്ങൾക്കൊപ്പം നിന്നു.
എത്രയും വേഗം കേസ്‌ കോടതിയിലെത്താൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഹക്കീമിനെ ഉടനെ കാണണമെന്ന് ഡി.വൈ.എസ്‌.പി പറഞ്ഞു. ഞാൻ ഹക്കീമിന്റെ നാട്ടിലെ നമ്പറിൽ വിളിച്ചപ്പോഴാണ്‌ അവൻ ദുബൈയിലേക്ക്‌ കടന്നതായി പറഞ്ഞത്‌. ഇത്രയും കാര്യങ്ങൾ അവനു വേണ്ടി ചെയ്ത ഞങ്ങളോട്‌ ഒരു വാക്ക്‌ പോലും പറയാതെ നിയമ വ്യവസ്ഥയെ കാറ്റിൽ പറത്തി കടന്ന് കളയാൻ ആരാണ്‌ ഹക്കീമിനെ പ്രേരിപ്പിച്ചതെന്ന് തുറന്ന് പറയണം. ഞങ്ങളോടൊപ്പം നിൽക്കുകയും അണിയറയിൽ മറ്റാരോ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച്‌ പദ്ധതികൾ തയ്യാറാക്കുകയും ചെയ്തത്‌ വഞ്ചനയല്ലേ.. ആരാണ്‌ ഹക്കീമിന്റെ ബുദ്ധി ഉപദേശകർ..
ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങൾ നിരാശരായില്ല. ഹക്കീമിനു വേണ്ടി ഇനിയെന്ത്‌ ചെയ്യാൻ കഴിയുമെന്ന ആലോചനയുമായി ഞങ്ങൾ വീണ്ടും എസ്‌.പി യെ കണ്ടു. അദ്ധേഹം വളരെ ക്ഷുഭിതനായിരുന്നു. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന ഒരാളെ സഹായിക്കാൻ പോലീസിന്‌ ബാധ്യതയില്ലെന്ന് അദ്ധേഹം തീർത്ത്‌ പറഞ്ഞു. ഒരു വിധം അദ്ധേഹത്തെ കാര്യം ബോധ്യപ്പെടുത്തി അനുനയിപ്പിച്ചു. ഞങ്ങൾ ഒരു വക്കീലിനെ കണ്ട്‌ ഇനിയെന്താണ്‌ പോംവഴിയെന്ന് ചർച്ച ചെയ്യുന്നതിനിടയിൽ ഒരു ദിവസം രാത്രി ഹക്കീം എന്നെ വിളിച്ചു പറഞ്ഞു. ഒരാഴ്ച്ചക്കകം എന്റെ പ്രശ്നം തീർന്നില്ലെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ പത്ര സമ്മേളനം നടത്തി.. ആ വാക്ക്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഹക്കീം നീ മാത്രമുണ്ടാക്കി തീർത്ത ഈ കുരുക്കഴിക്കാൻ ഞങ്ങൾ പാട്‌ പെടുകയാണ്‌. അതിനിടയിൽ ഈ ബ്ലാക്ക്‌ മെയിൽ ആരുടെ ബുദ്ധിയാണ്‌. അപ്പോഴും എന്റെ മനസിൽ ഈ കേസിൽ നിന്ന് അവനെ എങിനെ രക്ഷപ്പെടുത്താമെന്നതായിരുന്നു. കാരണം ഞങ്ങൾ കൊടുത്ത വാക്ക്‌ ഹക്കീമിനല്ല. ഞങ്ങളെ സ്നേഹിക്കുന്ന പതിനായിരക്കണക്കിന്‌ പ്രവാസികൾക്ക്ക്കായിരുന്നു. പൊന്നാനി ലോകസഭാ മണ്ഡലത്തിൽ ഒരു നിർണ്ണായക തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനെ തോൽപ്പിക്കാൻ എല്ലാ പണിയുമെടുത്ത അബ്ദുന്നാസർ മദനിക്ക്‌ നീതി നൽകാൻ പോരാടിയ പാരമ്പര്യമുള്ള പാർട്ടിയിലെ ഒരംഗമാണ്‌ ഞാൻ. അതു കൊണ്ട്‌ തന്നെ ഹക്കീം എന്ത്‌ ആരോപണങ്ങൾ ഉന്നയിച്ചാലും ഹക്കീമിന്‌ നീതി ലഭിക്കാനുള്ള നിയമ പരമായ പ്രവർത്തനങ്ങളിൽ അവസാനം വരെ ഞങ്ങളുണ്ടാകും. നിയമ പരമായ വഴിയിൽ മാത്രം...
അത്‌ ഹക്കീം എന്ന വ്യക്തിയെ ഓർത്തല്ല... ലക്ഷക്കണക്കിന്‌ പ്രവാസികളുടെ പ്രാർത്ഥന മാത്രം പ്രതീക്ഷിച്ച്‌...
(തൽക്കാലം ഈ വിവാദം നമുക്ക്‌ ഇവിടെ അവസാനിപ്പിക്കാം..)

Keywords:Kozikkod-news-youth-league

Tags

Post a Comment

0 Comments

Top Post Ad

Below Post Ad