Type Here to Get Search Results !

Bottom Ad

കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായ റിപ്പോര്‍ട്ട്


കൊച്ചി (www.evisionnews.in): കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി രാസപരിശോധനാ റിപ്പോര്‍ട്ട്. കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ക്ലോര്‍ പിരിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും ഉണ്ടായിരുന്നു. രാസപരിശോധനാ ഫലം ഉടന്‍ പോലീസിന് കൈമാറും.

അതേസമയം, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കരള്‍ രോഗമുണ്ടായിരുന്നുവെന്ന് മണി തന്നെ അറിയിച്ചിരുന്നില്ലെന്നും നിമ്മി പറഞ്ഞു. ചാലക്കുടിയിലെ പാഡിയിലെത്തി മണി മദ്യപിക്കാറുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കാറുണ്ടായിരുന്നുവെന്ന് നിമ്മി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബ പ്രശ്നങ്ങള്‍ ഒന്നുമില്ല. മണിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും നിമ്മി പറഞ്ഞു.

അതിനിടെ, കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിലാണ്. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുഗന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു ശേഷം വിശ്രമകേന്ദ്രമായ പാഡി ഇവരാണ് വൃത്തിയാക്കിയത്. മണിയുടെ മരണത്തില്‍ സംശയമുണ്ടെന്നും കൂടെ മദ്യപിക്കാന്‍ കൂട്ടുനിന്നവരും കുറ്റക്കാരാണെന്നും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

കലാഭവന്‍ മണിക്ക് ചില കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തും ടിവി അവതാരകനുമായ സാബു പറഞ്ഞു. മരിക്കുന്നതിന് മുമ്പ് രണ്ടാഴ്ച കാലം അദ്ദേഹം പാഡിയിലായിരുന്നു താമസം. മണിയുടെ മരണത്തില്‍ സംശയമുണ്ടെന്ന സഹോദരന്‍ രാമകൃഷ്ണന്റെ മൊഴി വൈകാരികമായ വെളിപ്പെടുത്തല്‍ മാത്രമാണ്. മണിക്ക് ഗുരുതരമായ കരള്‍ രോഗമുള്ളതായി അറിയില്ലെന്നും നടന്‍ ജാഫര്‍ ഇടുക്കിയുടെ ക്ഷണ പ്രകാരമാണ് താന്‍ അന്ന് പാഡിയില്‍ എത്തിയതെന്നും സാബു റിപ്പോര്‍ട്ടറോട് പറഞ്ഞു.

മണിയുടെ മരണത്തില്‍ പരാതി നല്‍കുമെന്ന് സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയെ ഡയാലിസിസ് ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയിലാണ് മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തിയെന്ന് ഡോക്ട്ടര്‍മാര്‍ പറഞ്ഞുവെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. മരണത്തെ സംബന്ധിച്ച് പ്രത്യേകം പരാതി നല്‍കും. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad