അഡൂര്‍ (www.evisionnews.in): പള്ളഞ്ചിയിലെ അപകടപ്പാലം ഓര്‍മയാവുന്നു. മഴക്കാലത്തു വെള്ളത്തില്‍ മുങ്ങി അപകടക്കെണിയൊരുക്കുന്ന പാലത്തിനു പകരം സ്ഥലത്ത് പുതിയ പാലത്തിന്റെ നിര്‍മാണം തുടങ്ങി. ദേലംപാടിയിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതത്തിനാണ് വന മേഖലയില്‍ നിലവില്‍വരുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ അറുതിയാകുന്നത്.
മഴക്കാലമായാല്‍ യാത്രക്കാരുടെ പേടി സ്വപ്നമായിരുന്നു അഡൂര്‍ -ബേത്തൂര്‍പാറ റോഡിലെ പള്ളഞ്ചി പാലത്തിലൂടെയുള്ള യാത്ര. മഴക്കാലത്ത് ചാലിലെ ജലനിരപ്പ് കൂടുകയും ഉയരം കുറഞ്ഞ പാലം വെള്ളത്തിനടിയിലാവുകയും ചെയ്യുന്നത് പതിവാണ്.
പാലത്തിനു കൈവരി ഇല്ലാത്തതും അപകട ഭീഷണി ഇരട്ടിയാക്കി. ചാലിലെ ഒഴുക്ക് വകവെക്കാതെ ചിലര്‍ ഇരുചക്രവാഹനങ്ങളിലുള്‍പ്പെടെ പാലം കടക്കുന്നതും ദുരന്തത്തിനു കാരണമായിരുന്നു. നീരൊഴുക്ക് ശക്തമായാല്‍ പാലം കടക്കാനാവാതെ അക്കരെ ഇക്കരെ നോക്കി നില്‍ക്കാനായിരുന്നു യാത്രക്കാരുടെ വിധി. ഇതോടെ ഇതു വഴിയുള്ള ഏക ബസ് സര്‍വീസും നിലയ്ക്കും. കഴിഞ്ഞ വര്‍ഷം സമാനമായ പള്ളത്തൂര്‍ പാലത്തില്‍ കുമ്പള സ്റ്റേഷനിലെ അഡി.എസ്ഐ നാരായണ നായിക് ഒഴുക്കില്‍ പെട്ടതോടെ പള്ളഞ്ചി പാലത്തിലെ യാത്രയും അപകട ഭീതിയിലായി.
നബാര്‍ഡുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെയും അനുബന്ധ തടയണയുടെയും നിര്‍മാണം സംബന്ധിച്ച് തീരുമാനമെടുത്തത്. 2.44 കോടി രൂപയാണ് നിര്‍മാണച്ചെലവ്. മറ്റുചില ബൃഹത് പദ്ധതികളും ജില്ലാ പഞ്ചായത്തിനുണ്ടായിരുന്നു. ബന്ധപ്പെട്ടവരുടെ അനാസ്ഥയും തുടര്‍നടപടികളും ജനകീയ ഇടപെടലുകളും ഇല്ലാതായതോടെ ആ പദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടു. കഴിഞ്ഞ ദിവസം പാലത്തിന്റെ പണി തുടങ്ങി. ആറു മാസത്തിനകം നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പാണ്ടി, പള്ളഞ്ചി, വെള്ളരിക്കയ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കു ബേത്തൂര്‍പാറ വഴി കാസര്‍കോട്, കുറ്റിക്കോല്‍ ഭാഗങ്ങളിലേക്കും കുറ്റിക്കോലില്‍ നിന്നു അഡൂര്‍, കര്‍ണാടകയിലെ സുള്ള്യ എന്നിവിടങ്ങളിലേക്കുമുള്ള എളുപ്പ വഴിയാണ് ഈ പാലം.


Post a Comment
0 Comments