Type Here to Get Search Results !

Bottom Ad

പുതുമോടിയില്‍ ബജ്‌പെ എയര്‍പോര്‍ട്ട്: വികസന പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍


മംഗളൂരു (www.evisionnews.in): മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തി. രണ്ടാം ടാക്‌സിവേയുടെ നിര്‍മാണം, രണ്ടു പുതിയ എയറോബ്രിജുകള്‍, കൈക്കമ്പയിലുള്ള റഡാര്‍ സംവിധാനം കെഞ്ചാറിലെ പുതിയ ടെര്‍മിനല്‍ പരിസരത്തേക്കു മാറ്റി സ്ഥാപിക്കല്‍, ബജ്‌പെയിലെ പഴയ ടെര്‍മിനല്‍ പരിസരത്തു പ്രാഥമിക റഡാര്‍ സ്ഥാപിക്കല്‍, വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ആറില്‍ നിന്ന് എട്ടായി ഉയര്‍ത്തല്‍ തുടങ്ങിയ വികസന പ്രവൃത്തികളാണ് വിമാനത്താവളത്തില്‍ പുരോഗമിക്കുന്നത്. 

ഇതോടെ ഗള്‍ഫിലേക്കും മുംബൈ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. റണ്‍വേ വികസനത്തിന് ആവശ്യമായ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. രണ്ടാം ടാക്‌സിവേയില്‍ അവസാനഘട്ട പ്രവൃത്തിയുടെ ഭാഗമായുള്ള ഇലക്ട്രിക്കല്‍ ജോലികളും ഡ്രെയിനേജു നിര്‍മാണവും അടുത്ത മാസത്തോടെ പൂര്‍ത്തിയാവും. ഇതോടെ കൂടുതല്‍ കാര്യക്ഷമമായും കാലതാമസമില്ലാതെയും വിമാന സര്‍വീസുകള്‍ നടത്തും. 

റണ്‍വേയും ടെര്‍മിനലിനോടു ചേര്‍ന്നുള്ള ഏപ്രണും ബന്ധിപ്പിക്കുന്ന ഭാഗമാണു ടാക്‌സി വേ. ഇതിലൂടെയാണു വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് ടെര്‍മിനലിലേക്കും തിരികെയും പ്രവേശിക്കുന്നത്. നിലവില്‍ ഒരു ടാക്‌സി വേ മാത്രമായതിനാല്‍, ഒരു സമയം ഒരു വിമാനം മാത്രമേ കൈകാര്യം ചെയ്യാന്‍ സാധിക്കൂ. ഇതു പല വിമാനങ്ങളും വൈകാന്‍ കാരണമാകുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നു മെയിന്‍ റോഡിലേക്കു വാഹനങ്ങള്‍ പ്രവേശിക്കാനുള്ള റോഡിന്റെ നവീകരണവും അടുത്ത മാസം പൂര്‍ത്തിയാവും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad