കൊച്ചി (www.evisionnews.in): മാധ്യമപ്രവര്‍ത്തകയെ മോശം പരാമര്‍ശത്തിലൂടെ അവഹേളിച്ച മേജര്‍ രവി കലാകാരന്മാര്‍ക്കും പട്ടാളക്കാര്‍ക്കും അപമാനമാണെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര. മേജര്‍ രവി സമൂഹത്തോടു മാപ്പു പറയണം. മലയാള സിനിമയിലേതു പോലെ ഫാഷിസവും അസഹിഷ്ണുതയും മറ്റൊരു രംഗത്തുമില്ലെന്നും ബൈജു അഭിപ്രായപ്പെട്ടു. കലാഭവന്‍ മണിയുടെ വേര്‍പാടില്‍ മലയാള സിനിമ വേദനിക്കവേ നടന്ന അനുസ്മരണ ചടങ്ങില്‍ പോലും ഒരു സൂപ്പര്‍ താരം കുത്തിത്തിരിപ്പിന്റെ സ്വഭാവം പ്രകടമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
സങ്കുചിതമനസുള്ളവര്‍ കലാകാരന്മാരുടെ സഹിഷ്ണുതക്ക് അപ്പുറം വ്യക്തി വൈകൃതത്തിന്റെ വേഷം മനസില്‍ ഒളിപ്പിച്ചവരാണ്. കലാഭവന്‍ മണിയിലെ നടനെ കണ്ടെത്തിയ സംവിധായകനാണ് വിനയന്‍. കൂടുതല്‍ ചിത്രങ്ങളില്‍ മണിക്ക് അവസരം നല്‍കിയ വിനയനെ ഒഴിവാക്കി ഒരു അവസരം പോലും നല്‍കാത്ത മേജര്‍ രവിയെപ്പോലും ചടങ്ങില്‍ പങ്കെടുപ്പിച്ച സംഘാടകരുടെ നടപടി മണിയോടെ കാട്ടിയ അനാദരം കൂടിയാണെന്നും ബൈജു ചൂണ്ടിക്കാട്ടി. വിനയനെ അപമാനിച്ചതില്‍ താരങ്ങളും ടെക്നീഷ്യന്‍മാരും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംവിധായകന്‍ വിനയനെ മണിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഇടപെട്ടെന്ന് ബൈജുവിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജ്മല്‍ ശ്രീകണ്ഠപുരം ആരോപിച്ചു. കൊച്ചിയിലെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് താന്‍ മോഹന്‍ലാലിനെ ക്ഷണിച്ചത്. എന്നാല്‍, വിനയന്‍ ചടങ്ങില്‍ പങ്കെടുത്താല്‍ താന്‍ ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നതായും ബൈജു പറഞ്ഞു.

Post a Comment
0 Comments