കാസര്‍കോട് (www.evisionnews.in): ആധുനിക രീതിയില്‍ നിര്‍മിച്ച മത്സ്യമാര്‍ക്കറ്റിന്റെ സുഗമമായ പ്രവര്‍ത്തനം മൂക്കുകുത്തി വീണതിനെതിരെ മത്സ്യവകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കാന്‍ നഗരസഭായോഗം തീരുമാനിച്ചു. രണ്ടര കോടി ചെലവിട്ടാണ് മാര്‍ക്കറ്റ് കുന്നില്‍ പുതിയ മത്സ്യമാര്‍ക്കറ്റ് സ്ഥാപിച്ചത്. ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന തീരദേശവികസന കോര്‍പറേഷനാണ് തളങ്കര വില്ലേജിലെ 1.97 ഹെക്ടര്‍ സ്ഥലത്ത് (പഴയ മത്സ്യമാര്‍ക്കറ്റ്) പുതിയ മാര്‍ക്കറ്റ് നിര്‍മിച്ചത്.
2013 സെപ്റ്റംബര്‍ 28നു ചേര്‍ന്ന കൗണ്‍സില്‍ യോഗതീരുമാനത്തെ തുടര്‍ന്നാണ് നഗരസഭയും നോഡല്‍ ഏജന്‍സിയായ തീരദേശവികസന കോര്‍പറേഷനും ചേര്‍ന്നു കരാര്‍ തയാറാക്കിയത്. പുതുതായി പണിതിട്ടുള്ള മത്സ്യമാര്‍ക്കറ്റിന്റെ രൂപകല്‍പ്പന, നിര്‍മാണപ്രവൃത്തി എന്നീ ഘട്ടങ്ങളില്‍ നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗത്തിന് ഇടപെടാന്‍ അവസരം അനുവദിച്ചിരുന്നില്ലെന്ന് സെക്രട്ടറി വിനയകുമാര്‍ കൗണ്‍സിലില്‍ അറിയിച്ചു. തീരദേശവികസന കോര്‍പറേഷന്‍ അതിന്റെ കീഴിലുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ തയാറാക്കിയ ഡിസൈനും പ്ലാനും പ്രകാരമാണ് മത്സ്യവിപണന കേന്ദ്രം നിര്‍മിച്ചത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുകയും എന്നാല്‍ മലിനജല പ്ലാന്റിന്റെ പണി ഭാഗികമായി പൂര്‍ത്തീകരിച്ചുമാണു മല്‍സ്യമാര്‍ക്കറ്റ് കെട്ടിടം 2015 ഡിസംബര്‍ ഒന്നിനു നഗരസഭക്ക് കൈമാറിയത്.
എന്നാല്‍ മലിനജലം ഭാഗികമായി ശുദ്ധീകരിച്ച് ടാങ്കില്‍ നിന്നു ശരിയായ വിധത്തില്‍ ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനമുണ്ടായിരുന്നില്ല. തിരദേശവികസന കോര്‍പറേഷന്‍ നിര്‍മിച്ച കെട്ടിടത്തിന്റെ കരാര്‍ കാലാവധി നിലനില്‍ക്കെ ഈ കാലയളവില്‍ പുതിയതായി കുട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതിനോ ഭേദഗതി വരുത്തുന്നതിനോ നഗരസഭ്ക്ക് സാധ്യമല്ലെന്നും മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ കഴിഞ്ഞ ഫെബ്രുവരി 24നു തീരദേശവികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും മറുപടി കിട്ടിയില്ല.
മാര്‍ക്കറ്റിന്റെ നിര്‍മാണപ്രവൃത്തിയും രൂപകല്‍പ്പനയും അനുയോജ്യമായ രീതിയില്‍ അല്ലെന്നും നഗരസഭയക്ക് പരാതി ലഭിച്ചിരുന്നു. ദിവസവും നൂറുകണക്കിനാളുകളെത്തുന്ന മാര്‍ക്കറ്റ് കെട്ടിടത്തിന് ആവശ്യമായ ഉയരവും, വായുസഞ്ചാരത്തിനു വഴിയില്ലെന്നും ശബ്ദമലിനീകരണം തടയുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടില്ലെന്നും നഗരസഭാ എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍മാണ പ്രവൃത്തിയിലെ അപാകതകളടക്കം ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് മത്സ്യവകുപ്പ് സെക്രട്ടറി, മത്സ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, മേഖലാ ജോ. ഡയറക്ടര്‍ എന്നിവരടക്കമുള്ളവര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചത്.

Post a Comment
0 Comments