റാഞ്ചി (www.evisionnews.in): പോത്തുകടത്തുകയായിരുന്ന ലോറി തടഞ്ഞു നിര്‍ത്തി വ്യാപാരിയെയും സഹായിയെയും ഒരു സംഘം തല്ലിക്കൊന്ന് കെട്ടിത്തൂക്കി. ജാര്‍ഖണ്ഡിലെ ബാലുമത് -ഹെര്‍ഹഞ്ച് ദേശീയപാതയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ദുമാര്‍ത്തോലയിലെ മസ്‌ലൂം അന്‍സാരി (32), ആരാഹര വില്ലേജിലെ അസദ്ഖാന്റെ മകന്‍ ഇംതിയാസ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കന്നുകാലിക്കടത്തിനെ എതിര്‍ക്കുന്ന ഒരു വിഭാഗമാണ് കൊലയ്ക്ക് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ദേശീയ പാതയില്‍മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ലാത്തിപ്രയോഗവും വെടിവെയ്പ്പും നടത്തിയുമാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. പോലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. സീമാറിയാ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളിയാഴ്ച ചന്തയില്‍ ഉരുക്കളെ വില്‍ക്കാന്‍ രാവിലെ പത്തു മണിയോടെ പുറപ്പെട്ടതായിരുന്നു ഇരുവരുമെന്നും വൈകിട്ടോടെയാണ് ഇവര്‍മരിച്ച വിവരമറിഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും കൈകള്‍ ബന്ധിക്കപ്പെട്ടും വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അയഞ്ഞിട്ടില്ല. കൂടുതല്‍ സായുധ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് ബീഫിനെ ചൊല്ലി സ്ഥലത്ത് ജനങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.

Post a Comment
0 Comments