തിരുവനന്തപുരം (www.evisionnews.in): സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ചും മുഖ്യമന്ത്രി കസേരയെ ആടിയുലച്ചും മുന്നേറിയ സരിത എസ് നായരുടെ സോളാര്‍ തട്ടിപ്പിനെക്കുറിച്ചുളള അന്വേഷണം അട്ടിമറിയുമെന്നുറപ്പായി. അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജനെ അതീവരഹസ്യമായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചതോടെയാണ് സോളാറും സരിതയും ഇനി ഭരണമുന്നണിക്ക് പ്രശ്‌നമാകില്ലെന്ന് ഉറപ്പായത്.
വെള്ളിയാഴ്ച രാത്രിയാണ് ജി. ശിവരാജനെ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാനായി അതീവരഹസ്യമായി നിയമിച്ച ഉത്തരവ് പുറത്തായത്. നവമാധ്യമങ്ങളിലും ഈ ഉത്തരവ് വൈറലാവുന്നുണ്ട്. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു നല്‍കാതെ മാറ്റിവച്ചതിനുള്ള പ്രത്യുപകാരമാണു പുതിയ നിയമനമെന്നാണ് ഇതിനകം ഉയര്‍ന്ന ആരോപണം. ഒരു അന്വേഷണ കമ്മിഷന്‍ ചെയര്‍മാനെ അന്വേഷണം നടക്കുമ്പോള്‍ തന്നെ കനത്ത ശമ്പളം നല്‍കി മറ്റൊരു സര്‍ക്കാര്‍ കമ്മിഷന്റെ തലപ്പത്ത് നിയമിക്കുന്നത് അത്യപൂര്‍വസംഭവമായി ഭരണവൃത്തങ്ങളില്‍ സംസാരമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ ഒരുവിഭാഗം മന്ത്രിമാര്‍ അതിരൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും വിലപ്പോയില്ല.
ജസ്റ്റിസ് ജി. ശിവരാജനുപുറമേ പിന്നാക്ക സമുദായ വികസന വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. ഇന്ദര്‍ജിത് സിങ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഡ്വ. വി.എ. ജെറോം എന്നിവരെ ഉള്‍പ്പെടുത്തിയാണ് 1993 ലെ കേരള സംസ്ഥാന കമ്മിഷന്‍ ആക്ട് വകുപ്പ് 3 പ്രകാരം പിന്നാക്ക വിഭാഗ കമ്മിഷന്‍ പുനഃസംഘടിപ്പിച്ചത്.
ഇതോടെ സോളാര്‍ കമ്മിഷന്റെ അന്തിമ ഉത്തരവ് എന്തായിരിക്കുമെന്നതിനെക്കുറിച്ച് സംശയം പരക്കെ ഉയര്‍ന്നുകഴിഞ്ഞു. ശിവരാജന്റെ നിയമനത്തെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ നിയമിക്കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണു കമ്മിഷനും മന്ത്രിമാരും ഉള്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ഇതെല്ലാം നാടകമാണെന്നു തെളിയിക്കുന്നതാണ് പുതിയ നിയമനം. നേരത്തെതന്നെ പിന്നാക്ക കമ്മിഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ശിവരാജന്റെ കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് അദ്ദേഹത്തെ സോളാര്‍ കമ്മിഷന്‍ അധ്യക്ഷനാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മിഷന്‍ പരസ്യപ്രസ്താവന നടത്തിയെങ്കിലും അപ്രതീക്ഷിതമായി മലക്കം മറിയുകയായിരുന്നു. ഈ സമയത്ത് അണിയറയില്‍ ചരടുവലികള്‍ നടക്കുകയായിരുന്നു.

Post a Comment
0 Comments