ഉദുമ (www.evisionnews.in): ഉദുമയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലളിത് റിസോര്‍ട്ട് ആന്റ് സ്പായില്‍ സംഘടനാ സ്വാതന്ത്ര്യത്തിനും കരാര്‍ ലംഘനത്തിനുമെതിരെ തൊഴിലാളികള്‍ ആരംഭിച്ച സമരം ശനിയാഴ്ച തീരും. സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഒരു മാസത്തിലധികമായി നടന്നുവരുന്ന സമരത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിനെതിരെയും സമരം ഉടന്‍ ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ടും വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു.
അതിനിടയില്‍ ഇന്നലെ ഉച്ചയോടെ ഹോട്ടലിലെത്തിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കൂടിയായ ജിജി തോംസണ്‍ സമരം ഉടന്‍ തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്നും കാണിച്ച് രേഖാമൂലം സിഐടിയുവിന് മുഖ്യമന്ത്രിയുടെ ആവശ്യമടങ്ങിയ കത്ത് നല്‍കിയതോടെയാണ് സമരം തീരാന്‍ വഴി തുറന്നത്. ജിജി തോംസണ്‍ ലളിത് സ്പായില്‍ തങ്ങുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സിഐടിയു ജില്ലാ സെക്രട്ടറി ടി.കെ രാജന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ സിഐടിയു ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ജിജി തോംസണ്‍ രേഖാമൂലം ഉറപ്പു നല്‍കിയതായും ടികെ രാജന്‍ അറിയിച്ചു.
തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതിനെതിരെ ഉടമകള്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ആദ്യഘട്ടത്തില്‍ തൊഴിലാളികള്‍ നടത്തിയ സമരം ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ഉടമകളും യൂണിയനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചതാണ്. എന്നാല്‍ ആ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. യൂണിയന്‍ പ്രവര്‍ത്തകരായ തൊഴിലാളികളെ ഉത്തരേന്ത്യയിലേക്ക് സ്ഥലംമാറ്റുകയും ചിലരെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടികള്‍ പിന്‍വലിച്ച് ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കണമെന്നാവശ്യപ്പെട്ടാണ് വീണ്ടും സമരം തുടങ്ങിയത്.
സമാധാനപരമായി 36 ദിവസം തൊഴിലാളികള്‍ സമരം നടത്തിയിട്ടും പ്രശ്‌നം തീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്ത സാഹചര്യത്തിലാണ് സിഐടിയു സംസ്ഥാന സെക്രട്ടറിതന്നെ അനിശ്ചിതകാല സത്യഗ്രഹത്തിന് തയാറായത്.

Post a Comment
0 Comments