കാഞ്ഞങ്ങാട് (www.evisionnews.in): വിദ്യാര്‍ത്ഥികളും നാട്ടുകാരും കൈകോര്‍ത്തതോടെ അച്ഛനും അമ്മയുമില്ലാത്ത സഹോദരങ്ങള്‍ക്ക് വീടൊരുങ്ങി. ബളാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മായക്കും സഹോദരങ്ങളായ ആദിത്യനും മഹിമക്കുമാണ് രാജപുരം സെന്റ് പയസ് ടെന്‍ത് കോളജിലെ എന്‍.എസ്.എസ്. അംഗങ്ങള്‍ നാട്ടുകാരുടെയും പിടിഎയുടെയും സഹകരണത്തോടെ വീടുവെച്ച് നല്‍കിയത്.
കുമ്പളപ്പള്ളി നീര്‍ച്ചാനംതട്ടിലെ പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയില്‍ മുത്തശ്ശി രമണിയോടൊപ്പമായിരുന്നു മായയും സഹോദരങ്ങളും താമസിച്ചിരുന്നത്. അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും അമ്മ പൂമണി മരിക്കുകയും ചെയ്തതോടെ കുട്ടികള്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.
വിദ്യാര്‍ത്ഥികളുടെ ചെറുസമ്പാദ്യവും നാട്ടുകാരില്‍ നിന്ന് സമാഹരിച്ച തുകയുമടക്കം മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിക്കുന്നത്. വാര്‍പ്പ് ജോലിവരെ പൂര്‍ത്തീകരിച്ച വീടിന്റെ ബാക്കി പണി കൂടി പൂര്‍ത്തിയാകുന്നതോടെ മായയും സഹോദരങ്ങളും മഴയും വെയ്‌ലുമേല്‍ക്കാത്ത വീട്ടില്‍ താമസം തുടങ്ങും.

Post a Comment
0 Comments