കുമ്പള: (www.evisionnews.in)യുവാവിനെ കൊലപ്പെടുത്തി മൃതദേഹം മണല്‍കൂനയില്‍ പൂഴ്ത്തി ഒളിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ബന്തിയോട്ടെ വാടക വീട്ടില്‍ താമസിക്കുന്ന സദ്ദു എന്ന അസീറി(26)നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് പിതാവ് അഷ്‌റഫ് നല്‍കിയ പരാതി പ്രകാരം കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സി.ഐ അബ്ദുള്‍ മുനീര്‍ ആണ് കേസ് അന്വേഷിക്കുന്നത്. മാര്‍ച്ച് 14ന് രാവിലെ ജോലിക്കുപോകുന്നുവെന്ന് പറഞ്ഞാണ് സദ്ദു വീട്ടില്‍ നിന്നും പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മൊബൈലില്‍ വിളിച്ചുവെങ്കിലുംസ്വിച്ച് ഓഫ്‌ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടരുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കുമ്പള, പേരാലിലെ ഷെഫീഖ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കാണാതായ സദ്ദുവെന്നു പൊലീസ് പറഞ്ഞു. മണല്‍ കൂനയില്‍ പൂഴ്ത്തിവച്ച നിലയിലായിരുന്നു ജഡം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സദ്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് സുഹൃത്തുക്കളടക്കം ഏതാനും പേരില്‍ നിന്നു മൊഴിയെടുത്തു. എന്നാല്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

Post a Comment
0 Comments