Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാല: ഹോസ്റ്റല്‍ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍

പെരിയ (www.evisionnews.in): കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്ത് നിര്‍മിക്കുന്ന വിദ്യാര്‍ത്ഥി ഹോസ്റ്റലുകളുടെ അവസാനഘട്ട പ്രവൃത്തികള്‍ മേയ് 31നകം പൂര്‍ത്തിയാകും. അടുത്ത അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കാനാണ് അധികൃതരുടെ നീക്കം. ഇതോടെ ജില്ലയിലെ പടന്നക്കാടും കാസര്‍കോടുമുള്ള ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ആസ്ഥാനത്തെ ഹോസ്റ്റലിലേക്ക് മാറും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ടു കെട്ടിടങ്ങളാണ് കാമ്പസിനകത്ത് ഒരുങ്ങുന്നത്. 35 കോടി രൂപയാണ് നിര്‍മാണച്ചെലവ്. കെട്ടിടത്തിന്റെ പെയിന്റിംഗ് അടക്കമുള്ള അവസാനഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഹോസ്റ്റലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 418 വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിനകത്ത് തന്നെ താമസിച്ചു പഠിക്കാനുള്ള സൗകര്യമാകും.

നിലവില്‍ 160 പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ കാമ്പസിനകത്തുണ്ട്. പുതിയ രണ്ടു കെട്ടിടങ്ങളും തുറക്കുന്നതോടെ ഭൂരിപക്ഷം കുട്ടികള്‍ക്കും സര്‍വകലാശാലയുടെ ആസ്ഥാനത്തുതന്നെ താമസിച്ചു പഠിക്കാനാകും. ഇനി പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളും കുടുംബമായി താമസിക്കുന്നവര്‍ക്കുള്ള ഹോസ്റ്റലുകളുടെയും നിര്‍മാണം അടുത്തുതന്നെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ പടന്നക്കാട്ടെയും കാസര്‍കോട്ടെയും ഹോസ്റ്റലുകള്‍ക്ക് നല്ലൊരു തുക സര്‍വകലാശാലക്ക് വാടകയിനത്തില്‍ നല്‍കേണ്ടി വരുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഹോസ്റ്റലുകള്‍ സര്‍വകലാശാല കാമ്പസില്‍ തുറക്കുന്നതോടെ ഈ തുക ലാഭിക്കാനാകുമെന്നാണ് കരുതുന്നത്.


Keywords: Kasaragod-news-central-university

Post a Comment

0 Comments

Top Post Ad

Below Post Ad