Type Here to Get Search Results !

Bottom Ad

'അന്ന് റാക്ക്, ഇന്ന് ചോന്ന വെള്ളം' : ഗാളിമുഖത്തെ ബാറില്‍ പൂക്കുറ്റിക്കച്ചവടം


കാസര്‍കോട്‌ (www.evisionnews.in): കേരളത്തില്‍ ബാറടച്ചാലെന്താ? കാസര്‍കോട്ടെ അതിര്‍ത്തിഗ്രാമങ്ങളിലെ ആവശ്യക്കാരെ മാടിവിളിക്കാന്‍ അതിര്‍ത്തിക്കപ്പുറത്തെ കര്‍ണാടക ബാറുകള്‍ പയറ്റുന്നത് ബഹുമുഖ തന്ത്രങ്ങള്‍. കാസര്‍കോടിന് ചുറ്റുമുള്ള അതിര്‍ത്തിക്കപ്പുറത്ത് കേരളത്തിലെ ബാര്‍ നിരോധനത്തെ തുടര്‍ന്ന് നിരവധി ബാറുകളാണ് കണ്ണഞ്ചിപ്പിക്കുന്ന വര്‍ണമേളങ്ങളോടെ രാപകലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. 

മുമ്പ് കേരളത്തില്‍ ചാരായം നിരോധിച്ചപ്പോഴും ഇതുതന്നെയായിരുന്നു കാസര്‍കോട്ടെ മലയോര അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ഥിതി. കാലൊന്നു നീട്ടിവെച്ചാല്‍ നേരെ കര്‍ണാടകയിലെ ചാരായ ഷാപ്പില്‍ കയറിപ്പറ്റാമായിരുന്നു. ഇപ്പോള്‍ കര്‍ണാടകയില്‍ ചാരായ നിരോധനമുണ്ട്. ഇതിന്റെ മറവില്‍ തടിച്ചുകൊഴുക്കുന്നത് വിദേശ മദ്യ മുതലാളിമാരാണ്. കയ്യുംകണക്കുമില്ലാതെയാണ് കര്‍ണാകയിലുടനീളം സര്‍ക്കാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നത്. കര്‍ണാടക കോണ്‍ഗ്രസിനുള്ളില്‍ സുധീരനും ബാബുവും ബാര്‍ക്കോഴയുമൊന്നുമില്ല. ഇക്കാര്യത്തില്‍ എല്ലാം സുതാര്യമാണ് കര്‍ണാടകയില്‍. കേരളത്തില്‍ ബാര്‍ പൂട്ടിയപ്പോള്‍ അതിര്‍ത്തി കടന്ന് ലൈസന്‍സ് സമ്പാദിച്ച മലയാളി അബ്കാരികളുമുണ്ട്. 

ഗാളിമുഖയിലെ കര്‍ണാടക ബാര്‍ പോലീസിനു തലവേദനയാകുകയാണിപ്പോള്‍. കര്‍ണാടകയുടെ ഭാഗമാണെങ്കിലും ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളുടെ നടുവിലുള്ള ഗാളിമുഖയില്‍ മദ്യം തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. വൈന്‍ ഷോപ്പിനാണ് ലൈസന്‍സെങ്കിലും സമാന്തര ബാറായിട്ടാണു പ്രവര്‍ത്തനം.

കേരളത്തിലെ ബാര്‍ നിരോധനത്തിനു തൊട്ടുപിന്നാലെയാണ് ഗാളിമുഖയില്‍ മദ്യഷാപ്പ് തുടങ്ങിയത്. ഇവിടെ നൂറില്‍ താഴെ വീടുകള്‍ മാത്രമാണുള്ളത്. എന്നിട്ടും ഇവിടെ മദ്യഷാപ്പ് തുടങ്ങിയത് കേരളത്തില്‍ നിന്നുള്ള മദ്യപരെ ലക്ഷ്യമിട്ടാണ്. ഫെബ്രുവരിയില്‍ അഡൂര്‍ വെള്ളച്ചേരിയില്‍ പോലീസ് പിടികൂടിയ 127 കുപ്പി മദ്യം കടത്തിയത് ഇവിടെ നിന്നാണെന്നു പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

ഇതിന്റെ മൊഴിയെടുക്കാനെത്തിയ ആദൂര്‍ എസ്‌ഐ എ. സന്തോഷ് കുമാറും രണ്ടു സിവില്‍ പോലീസ് ഓഫിസര്‍മാരും ബാര്‍ ജീവനക്കാരുടെ ആക്രമണത്തിനിരയായതു കഴിഞ്ഞ ദിവസമാണ്. കേരള പോലീസിനെ അനുസരിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നു പറഞ്ഞായിരുന്നു കയ്യേറ്റം.


Keywords: kasaragod-news-bar-police-karnataka-galimukham

Post a Comment

0 Comments

Top Post Ad

Below Post Ad