Type Here to Get Search Results !

Bottom Ad

സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കും: കോണ്‍ഗ്രസ് പ്രാഥമിക സ്ഥാനാര്‍ത്ഥിപ്പട്ടിക ഹൈക്കമാന്റിന് ഇ-മെയില്‍ ചെയ്തു


തിരുവനന്തപുരം (www.evisionnews.in): കോണ്‍ഗ്രസ് പ്രാഥമിക സ്ഥാനാര്‍ത്ഥിപ്പട്ടിക എ.ഐ.സി.സിക്ക് അയച്ചു. 2011 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെയും ഘടകകക്ഷികള്‍ വിട്ടുപോയതിലൂടെ ഒഴിവുവന്ന ചില സീറ്റുകളിലേക്കുമുള്ള പട്ടിക മാത്രമാണ് അയച്ചത്. കെ.പി.സി.സി. പ്രസിഡണ്ട് വി.എം. സുധീരന്റെ പേര് പട്ടികയിലില്ലെന്നാണ് അറിയുന്നത്. തൃശൂര്‍ ജില്ലാതല ഉപസമിതി നല്‍കിയ പട്ടികയില്‍ മണലൂരില്‍ വി.എം. സുധീരന്റെ പേര് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുധീരന്‍ കൂടി ഉള്‍പ്പെട്ട അന്തിമസമിതി അതൊഴിവാക്കിയാണ് ഹൈക്കമാന്‍ഡിനു നല്‍കിയിട്ടുള്ളത്.

ഹൈക്കമാന്‍ഡിന്റെ പരിശോധനക്ക് വേണ്ടിയാണു പട്ടിക നല്‍കിയത്. അന്തിമപട്ടിക 23നു നടക്കുന്ന കെ.പി.സി.സി. തെരഞ്ഞെടുപ്പ് സമിതിക്കു ശേഷമാകും ഹൈക്കമാന്‍ഡിന് കൈമാറുക. സിറ്റിങ് എം.എല്‍.എമാരെല്ലാം പട്ടികയില്‍ ഇടംനേടി.

ചലച്ചിത്രതാരങ്ങളായ ജഗദീഷിന്റെയും സിദ്ദിഖിന്റെയും പേരുകള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജഗദീഷിനെ പത്തനാപുരത്തേക്കും സിദ്ദിഖിനെ അരൂരിലേക്കുമാണു പരിഗണിച്ചത്. സിദ്ദിഖിനെ പ്രാദേശികഘടകത്തിന്റെ എതിര്‍പ്പ് മറികടന്നാണു പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍, കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ തുടങ്ങിയവരുടെ മണ്ഡലങ്ങളിലൊക്കെ ഒറ്റപ്പേരുമാത്രമാണുള്ളതെന്നാണു സൂചന. മറ്റുള്ള മണ്ഡലങ്ങളില്‍ നാലില്‍ അധികം പേരുകള്‍ ഉണ്ട്. 23നു ചേരുന്ന തെരഞ്ഞെടുപ്പു സമിതിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനം ഉണ്ടാക്കുക. അവിടെ ഈ പട്ടികയും ഇതിന് പുറത്തുനിന്നുവരുന്ന പേരുകളും ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റിനു രൂപം നല്‍കും. അതായിരിക്കും കെ.പി.സി.സിയുടെ അന്തിമപട്ടിക. ഇത് എ.ഐ.സി.സിയുടെ സ്‌ക്രീനിങ് കമ്മിറ്റിക്ക് അയച്ചുകൊടുക്കും. ഇതില്‍ നിന്നാണു സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. അതു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിക്കു സമര്‍പ്പിച്ച് അംഗീകാരം തേടുകയെന്നതാണു പതിവ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കഴിയുന്നത്ര തര്‍ക്കം ഒഴിവാക്കണമെന്നാണു പൊതുധാരണ.

Keywords: Kerala-news-congress-email

Tags

Post a Comment

0 Comments

Top Post Ad

Below Post Ad