കൊല്‍ക്കത്ത (www.evisionnews.in): കൂട്ടുകാരുമായി തമാശക്ക് അടികൂടുന്നതിനിടെ സഹപാഠിയുടെ കൈമുട്ട്‌കൊണ്ടുള്ള ഇടിയേറ്റ് 15കാരനായ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ഉത്തര കൊല്‍ക്കത്തയിലെ ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥിയായിരുന്ന മായങ്ക് സുരേഖാണ് മരിച്ചത്. കൊല്‍ക്കത്തയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ക്ലാസില്‍ ഒപ്പമുണ്ടായിരുന്ന ആറ് സുഹൃത്തുകള്‍ക്കൊപ്പം ഇടവേള സമയത്ത് മൂത്രപ്പുരയിലേക്ക് പോയതായിരുന്നു മായങ്ക്, ഈ സമയത്താണ് സുഹൃത്തുകള്‍ തമ്മില്‍ തമാശക്ക് അടിപിടികൂടിയത്. ഇതിനിടെ കൂട്ടുകാരിലൊരാള്‍ മുട്ടുകൈ കൊണ്ട് മായങ്കിന്റെ നെഞ്ചില്‍ ആഞ്ഞു കുത്തുകയായിരുന്നു.
കുത്തേറ്റു കുഴഞ്ഞു വീണ മായങ്കിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായ നെഞ്ചില്‍ ഏറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അതേസമയം മായങ്കിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പകച്ചു നില്‍ക്കുകയാണ് കുടുംബവും അധ്യാപകരും. മായങ്കും അവനെ മര്‍ദ്ദിച്ച കുട്ടിയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുകളായിരുന്നുവെന്ന് മായങ്കിന്റെ ബന്ധു രാഹുല്‍ ചന്ദ് പറയുന്നു. സംഭവ ശേഷം മായങ്കിനെ ഇടിച്ചെന്ന് പറയുന്ന കുട്ടി അപ്രത്യക്ഷനായെന്നാണ് റിപ്പോര്‍ട്ട്.

Post a Comment
0 Comments