കണ്ണൂര്‍ (www.evisionnews.in): കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രചരണംമുറുകിയതോടെ ഇദ്ദേഹത്തെ പിന്തുണക്കാന്‍ സിപിഎം ക്യാമ്പില്‍ ആലോചനകള്‍ ശക്തമായി. ഐക്യജനാധിപത്യ സംരക്ഷണ സമിതിയോഗത്തിലാണ് രാഗേഷിനെ അഴീക്കോട്ട് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
രാഗേഷിനെ രംഗത്തിറക്കി കഴിഞ്ഞനിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ ഭൂരിപക്ഷമുള്ള മണ്ഡലം പിടിച്ചെടുക്കാനാണ് സിപിഎം നീക്കങ്ങള്‍. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ മേല്‍ക്കൈയും ഇതിനെ പുതിയ നീക്കങ്ങള്‍ക്ക് സിപിഎമ്മിന് ശക്തിപകരുന്ന ഘടകമാണ്. ഈ നീക്കം നടപ്പായാല്‍ റിപ്പോര്‍ട്ട് ടിവി ചാനല്‍ ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാറിന്റെ മത്സരിക്കാനുള്ള പ്രതീക്ഷകളും തകിടം മറിയും.
ഞായറാഴ്ച പി.കെ രാഗേഷിന്റെ വീട്ടില്‍ ചേര്‍ന്ന യോഗമാണ് അഴീക്കോട് സ്വതന്ത്രനായി മത്സരരംഗത്തേക്ക് കടക്കാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ട തകര്‍ത്ത മുസ്ലിംലീഗിലെ യുവനേതാവ് കെ.എം. ഷാജിയാണ് അഴീക്കോട്ട് ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഐക്യജനാധിപത്യ സംരക്ഷണ സമിതി നീക്കം യു.ഡി.എഫിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പഞ്ഞിക്കൈ വാര്‍ഡില്‍ നിന്നാണ് രാഗേഷ് ജയിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇടതുപക്ഷം പിടിച്ചത് രാഗേഷിന്റെ പിന്തുണയോടെയാണ്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും സിപിഎമ്മിന് കഴിയില്ല. ഈ സാഹചര്യത്തില്‍ അഴിക്കോട് രാഗേഷിനെ പിന്തുണച്ച് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുകയാണ് സിപിഐ(എം) ലക്ഷ്യം.

Post a Comment
0 Comments