Type Here to Get Search Results !

Bottom Ad

വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം: സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന്


തിരുവനന്തപുരം (www.evisionnews.in): വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇന്നറിയാം. ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച പോളിറ്റ് ബ്യൂറോ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇരുവരോടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിര്‍ദേശിച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിഎസിന് നല്‍കേണ്ട സ്ഥാനാമാനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നേക്കും.

നിയമസഭ സീറ്റ് വിഭജനചര്‍ച്ചക്കായി ഇടതുമുന്നണിയോഗവും ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററില്‍ ചേരും. ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം അടക്കം മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ എങ്ങനെ സഹകരിക്കണമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമെടുത്തേക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ അധികം മൂന്ന് സീറ്റുകളും, ജെഡിഎസ്, എന്‍സിപി, കേരളകോണ്‍ഗ്രസ് എസ് അടക്കമുള്ള കക്ഷികള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടക്കും. മറ്റ് കക്ഷികളുമായി ചില സീറ്റുകള്‍ വച്ച് മാറുന്നതിനെ കുറിച്ച് സിപിഐഎം ആലോചിക്കുന്നുണ്ട്. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ വരും.

കൂടാതെ യുഡിഎഫ് വിട്ട് വന്ന അര ഡസനോളം കക്ഷികള്‍ മുന്നണിക്ക് പുറത്ത് നില്‍ക്കുകയാണ്. ഇവരുമായി തെരഞ്ഞെടുപ്പില്‍ എങ്ങനെ സഹകരിക്കണമെന്ന കാര്യവും വിശദമായി ചര്‍ച്ച ചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തിന് നാല് സീറ്റ് നല്‍കുന്നതിനെ കുറിച്ചാണ് സിപിഎം ആലോചിക്കുന്നത്. മുവാറ്റുപുഴ സീറ്റ് സി.പി.ഐയില്‍ നിന്ന് ഏറ്റെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ്ജിന് നല്‍കുന്നതിനെ കുറിച്ചുള്ള ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നു. കൂടാതെ കുട്ടനാട്, തിരുവനന്തപുരം, ഇടുക്കി സീറ്റുകളില്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യവും വിശദമായി ചര്‍ച്ച ചെയ്യും.

പി.സി ജോര്‍ജ്ജ് ഏഴു സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ബാലകൃഷ്ണപിള്ള വിഭാഗം രണ്ടും, ജെ.എസ്.എസ് നാലും, സി.എം.പി അഞ്ചും, ഫോര്‍ഡ്വേഡ് ബ്ലോക്ക് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെയൊക്കെ ആവശ്യങ്ങള്‍ ഇന്നത്തെ യോഗം വിശദമായി ചര്‍ച്ച ചെയ്യും. സീറ്റ് വിഭജനചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ സിപിഎമ്മിന്റെ നേതൃയോഗങ്ങള്‍ക്ക് ശേഷം വീണ്ടും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad