Type Here to Get Search Results !

Bottom Ad

തെക്കേക്കാട് ബണ്ടില്‍ കുഴലുകള്‍ സ്ഥാപിച്ച് പുഴ തുറന്നുവിടാനുള്ള പണി തുടങ്ങി


തൃക്കരിപ്പൂര്‍ (www.evisionnews.in): നീരൊഴുക്ക് തടസ്സപ്പെട്ടത് മൂലമുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു തെക്കേക്കാട് ബണ്ടില്‍ വന്‍ കുഴലുകള്‍ സ്ഥാപിച്ച് പുഴ തുറന്നുവിടാനുള്ള ജോലി തുടങ്ങി. 

പടന്ന പുഴയില്‍ രണ്ടു പതിറ്റാണ്ട് മുമ്പ് യാത്രാ സൗകര്യത്തിനായി നിര്‍മിച്ച ബണ്ടാണ് നീരൊക്ക് തടസ്സപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. കെട്ടിനിര്‍ത്തപ്പെട്ട പുഴയുടെ ഒഴുക്ക് നിലച്ചതു മൂലം പരിസ്ഥിതി പ്രശ്‌നങ്ങള്‍ അടുത്തിടെ രൂക്ഷത പ്രാപിച്ചിരുന്നു. മത്സ്യസമ്പത്തിനു നാശവും പായല്‍ ചത്തടിഞ്ഞ് ദുര്‍ഗന്ധവും അതുവഴി പുഴയിലിറങ്ങുന്നവരില്‍ ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളും പ്രത്യക്ഷപ്പെട്ടു. തീരപ്രദേശത്തിന്റെ പ്രധാന ഉപജീവന മാര്‍ഗമായ കല്ലുമ്മക്കായ കൃഷിയെയും ഇതു ബാധിച്ചു.

പ്രദേശത്തു പരിസ്ഥിതി പ്രശ്‌നങ്ങള്‍ നീക്കുകയെന്ന ലക്ഷ്യത്തോടെ കെ. കുഞ്ഞിരാമന്‍ എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ പെടുത്തി 25 ലക്ഷം അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചാണ് വന്‍കുഴലുകള്‍ സ്ഥാപിച്ച് പുഴയെ ഒഴുക്കുന്നത്. ഒമ്പത് മീറ്റര്‍ നീളമുള്ള മൂന്ന് പൈപ്പുകളാണ് ബണ്ടിനടിയില്‍ സ്ഥാപിക്കുന്നത്. 

ബണ്ട് വെട്ടിമുറിച്ചു പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് മുന്നോടിയായി ചെറുകിട വാഹനങ്ങളെ കടത്തിവിടുന്നതിനുള്ള താല്‍ക്കാലിക സംവിധാനം ഒരുക്കുന്ന പണി പുഴയില്‍ നടന്നുവരികയാണ്. പൂര്‍ത്തിയാകുന്നതോടെ ബണ്ട് മുറിക്കുകയും ഗതാഗതം തടയുകയും ചെയ്യും. ബണ്ടിന്റെ പടിഞ്ഞാറു ഭാഗത്ത് ഏതാനും മാസം മുമ്പ് 20 ലക്ഷം രൂപ ചെലവില്‍ പൈപ്പ് കലുങ്ക് പണിത് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad