കൊച്ചി (www.evisionnews.in): വ്യാജരേഖ ചമച്ച് 2.68കോടി രൂപ വായ്പയെടുത്ത കേസില്‍ മാംഗോ മൊബൈല്‍ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായി. വയനാട് വാഴമറ്റ മുണ്ടന്നാനിയില്‍ ആന്റോ അഗസ്റ്റിന്‍ (26), സഹോദരന്‍ ജോസ്‌കുട്ടി അഗസ്റ്റിന്‍ (32) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റു ചെയ്തത്. കമ്പനിയുടെ എംഫോണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിംങ് ചടങ്ങിനു തൊട്ടുമുമ്പാണ് ഉടമകള്‍ അറസ്റ്റിലായത്.
കളമശേരി പത്തടിപ്പാലത്തെ ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. ഇതുകൂടാതെ പല ബാങ്കുകളില്‍ നിന്നും ഇവര്‍ വായ്പ എടുത്തതായും തിരിച്ചടച്ചിട്ടില്ലെന്നും പരാതിയുണ്ട്. പലതവണ തട്ടിപ്പു നടത്തിയ ഇവര്‍ ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നെന്നും ആരോപണമുണ്ട്. പുതിയ ഫോണ്‍ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. മാംഗോ ഫോണ്‍ ലോഞ്ചിന് ഇവര്‍ 30 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനു നല്‍കിയിട്ടുള്ളത്.
അതിനിടെ, നിശ്ചയിച്ച സമയത്തുതന്നെ എം. ഫോണ്‍ ലോഞ്ചിംഗ് നടന്നു. ഫോണ്‍ അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പ് ഡയറക്ടര്‍മാരെ അറസ്റ്റു ചെയ്തത് സംശയകരമാണെന്ന് കമ്പനി ചെയര്‍മാനും ഇരുവരുടെയും സഹോദരനുമായ റോജി അഗസ്റ്റിന്‍ പറഞ്ഞു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയെക്കുറിച്ച് അറിയില്ല. ഇതിനെക്കുറിച്ച് പോലീസ് മുമ്പ് അന്വേഷണം നടത്തുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല. ആരുടെയോ സമ്മര്‍ദ്ദഫലമായാണ് ഇപ്പോഴത്തെ അറസ്‌റ്റെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment
0 Comments