കാസര്‍കോട്:(www.evisionnews.in)നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്ക വിധത്തില്‍ നിര്‍ദ്ദിഷ്ട യോഗം നടക്കുന്ന സ്ഥലവും സമയവും സംബന്ധിച്ച് സ്ഥലത്തെ പോലീസ് അധികാരികളെ അറിയിക്കേണ്ടതാണെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. യോഗം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഉണ്ടെങ്കില്‍ അവ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. ഇത്തരത്തിലുളള ഉത്തരവുകളില്‍ നിന്ന് ഒഴിവാക്കപ്പെടണമെങ്കില്‍ അതിനായി മുന്‍കൂട്ടി അപേക്ഷിക്കേണ്ടതാണ്. ഏതെങ്കിലും യോഗം സംബന്ധിച്ച് ഉച്ചഭാഷിണികളോ മറ്റേതെങ്കിലും സൗകര്യമോ അനുവദിക്കണമെങ്കില്‍ അനുവാദമോ ലൈസന്‍സോ ലഭിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയ കക്ഷികളോ ബന്ധപ്പെട്ട അധികാരികളോട് അനുമതി നേടേണ്ടതാണ്. ഒരു യോഗം അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തില്‍ ബഹളമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ആളുകളെ കൈകാര്യം ചെയ്യുന്നതിന് ഡ്യൂട്ടിയിലുളള പോലീസിന്റെ സഹായം തേടണം. മറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസ്സപ്പെടുത്തുകയോ ഛിദ്രമുണ്ടാക്കുകയോ ചെയ്യുകയില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തേണ്ടതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും മറ്റൊരു കക്ഷി സംഘടിപ്പിക്കുന്ന യോഗത്തില്‍ തടസ്സമുണ്ടാക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment
0 Comments