കാസര്‍കോട്: (www.evisionnews.in)മെഡിക്കല്‍, എഞ്ചിനിയറിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി.രണ്ടുപേരേയും കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. വെള്ളരിക്കുണ്ട് കാറളം സ്വദേശി ഷൈജു ചന്ദ്രന്‍ (24), കണ്ണൂര്‍ മാലക്കല്ല് സ്വദേശി സെബിന്‍ തോമസ് (21) എന്നിവരാണ് തിരുവനന്തപുരം കോടതിയില്‍ കീഴടങ്ങിയത്. കേസിലെ മറ്റൊരു പ്രതി നീലേശ്വരം നെല്ലിയടുക്കത്തെ ചൂരിക്കാടന്‍ സജേഷ് ചന്ദ്ര(27)നെ ക്രൈംബ്രാഞ്ച് തിരയുകയാണ്.
കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും പ്രൊഫഷണല്‍ കോളേജുകളില്‍ മെഡിക്കല്‍, എഞ്ചിനിയറിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് കേരളത്തിലെ പല വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. കാഞ്ഞങ്ങാട്ട് ക്യാപിറ്റല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്ഥാപനവും മംഗലാപുരത്ത് മാസ്റ്റര്‍ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നീ സ്ഥാപനവും നടത്തിയാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരാണ് മൂന്നുപേരും. ക്രൈംബ്രാഞ്ച് സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതികളെ അന്വേഷിച്ചുവരികയായിരുന്നു. സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളിലും കര്‍ണാടക സൂറത്ത്കല്ലിലും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ പൊലീസ് വലവിരിച്ചിരിക്കെയാണ് രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. കേരളത്തില്‍ സമാന രീതിയില്‍ പത്തിലേറെ കേസുകളുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. ഇവരുടെ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ഷൈജു ചന്ദ്രന്റെ അച്ഛന്‍ വെള്ളരിക്കുണ്ടിലെ ചന്ദ്രന്‍, ഒടയംചാല്‍ സ്വദേശി വിജേഷ്, കാസര്‍കോട് സ്വദേശി സുരേന്ദ്രനാഥ് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Post a Comment
0 Comments