കാസര്‍കോട്: (www.evisionnews.in)മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണെന്ന വാര്‍ത്തകള്‍ അതിശക്തമായി പാര്‍ട്ടിക്കുള്ളിലും പുറത്തും ആഞ്ഞടിക്കുമ്പോഴും മണ്ഡലമേതെന്നതിനെ ചൊല്ലിയുള്ള ആകാംക്ഷയുടെ മുള്‍മുനയിലാണ് കാസര്‍കോട്ടെയും മഞ്ചേശ്വരത്തെയും പാര്‍ട്ടി അണികള്‍. മഞ്ചേശ്വരത്തെ അബ്ദുല്‍ റസാഖും കാസര്‍കോടിനെ എന്‍.എ നെല്ലിക്കുന്നുമാണ് നിയമസഭയില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ ആരെങ്കിലും ഒരാള്‍ മാറിയാലെ സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച പിന്‍ബലവും പിന്തുണയുമുള്ള ഖമറുദ്ദീന് സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഭാഗ്യം ഉറപ്പിക്കാനാവൂ.
വയനാട് ചുരമിറങ്ങി കണ്ണൂരിലെ അഴീക്കോട്ട് കെഎം ഷാജി എം.എല്‍.എ ആയത് പോലെ ഖമറൂദ്ദീനെ ചന്ദ്രഗിരിപ്പുഴക്ക് വടക്കുള്ള ഇരുമണ്ഡലങ്ങളിലെ ലീഗ് അണികള്‍ സ്വീകരിക്കുമോ എന്നും നെറ്റി ചുളിക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. ഈ അസ്വീകാര്യത മറികടക്കാന്‍ ഖമറുദ്ദീന് ആകെയുള്ളത് സംസ്ഥാന നേതൃത്വം ഇക്കുറി തന്നെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷ മാത്രമാണ്. മഞ്ചേശ്വരത്തോ കാസര്‍കോട്ടോ ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയായാല്‍ നിലവിലുള്ള എംഎല്‍എ മാരില്‍ ആരെങ്കിലുമൊരാള്‍ തല്‍സ്ഥാനം തല്‍കാലം മറക്കേണ്ടിവരും. അങ്ങനെ വന്നാല്‍ നെല്ലിക്കുന്നോ റസാഖോ പാര്‍ലമെന്ററി രംഗംവിട്ട് സംഘടനാ നേതൃത്വത്തിലേക്ക് എത്തിച്ചേര്‍ന്നേ മതിയാകൂ. ഇതിനുള്ള നിയോഗം ആര്‍ക്കാണെന്നും അണികള്‍ക്ക് ആകാംക്ഷയുണ്ട്.
മഞ്ചേശ്വരത്ത് ബിജെപിയുടെ ഭീഷണിയെ മറികടക്കാന്‍ ഖമറുദ്ദീന്റെ സ്ഥാനാര്‍ത്ഥിത്വത്തിനാകുമോ എന്ന ചോദ്യവുമുയര്‍ന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍ അബ്ദുല്‍ റസാഖിനെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് നിയോഗിക്കുകയും പകരം നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തേക്ക് അയക്കുകയുമല്ലാതെ നേതൃത്വത്തിന് മറ്റൊരു പോംവഴിയില്ല. മഞ്ചേശ്വരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. എല്‍ഡിഎഫ് ശങ്കര്‍ റൈയെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്. ഇവരോട് ഏറ്റുമുട്ടാന്‍ നിയമസഭാംഗമായ നെല്ലിക്കുന്ന് പ്രാപ്തനാണെന്നും ഉന്നത നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച സംസ്ഥാനത്തെ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവരുന്നതോടെ കാസര്‍കോട്ജില്ലയിലെ ലീഗ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചിത്രം ഉറപ്പായും തെളിയും.

Post a Comment
0 Comments