കാസര്‍കോട്: (www.evisionnews.in) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് കോട്ടകളില്‍ അട്ടിമറി വിജയം നേടിയ കാസര്‍കോട്ടെ കൊണ്‍ഗ്രസ് വിമതന്മാര്‍ പുതിയ പോരാട്ടത്തിന് ഇറങ്ങുന്നു. ജെയിംസ് പന്തമ്മാക്കലും കൂട്ടരും ഇക്കുറി കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കാനൊരുങ്ങുന്നു.
കോണ്‍ഗ്രസ്സിനെ തറ പറ്റിച്ച് കൊണ്‍ഗ്രസിന്റെ കുത്തകയായ ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത വിമതന്മാരാണ് പന്തമാക്കലും കൂട്ടരും. കഴിഞ്ഞ തവണ ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ജെയിംസ്. ഡമോക്രാറ്റിക്ക് ഡെവലപ്‌മെന്റ് ഫ്രണ്ട് രൂപീകരിച്ച ജെയിംസ് പന്തമാക്കലിനെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.
കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയ ജയിംസ് പന്തമ്മാക്കലും അണികളും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പത്ത് സീറ്റ് നേടി ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതോടെയാണ് ജനകീയ വികസന മുന്നണിയ്ക്ക് പ്രാധാന്യം കൈവന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് സീറ്റും ഡിഡിഎഫ് നേടിയിരുന്നു. ഈസ്റ്റ് എളേരി പഞ്ചായത്ത് ഉള്‍പ്പെടുന്ന തൃക്കരിപ്പൂരില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ ഈ തെരഞ്ഞെടുപ്പോടെ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡി.ഡി.എഫ്.
ജെയിംസിനെതിരെയുള്ള പാര്‍ട്ടി നടപടികളാണ് മലബാറിലെ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗത്തില്‍ വിള്ളല്‍ വീഴ്ത്തിയതും പാര്‍ട്ടിയെ പിളര്‍ത്തിയതും. ഡിഡിഎഫിനെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും കെപിസിസി സെക്രട്ടറി സ്ഥാനമാണ് ജെയിംസ് പന്തമാക്കല്‍ ആവശ്യപ്പെട്ടത്. കൂടാതെ തനിക്കൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്ക് മണ്ഡലം ബ്ലോക്ക് തലത്തില്‍ പ്രാതിനിധ്യവുമാണ് ജെയിംസിന്റെ ആവശ്യം. ഇതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. യുഡിഎഫ് പിടിച്ചെടുക്കാമെന്ന് കണക്കുകൂട്ടിയ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ഡിഡിഎഫിന്റെ നിലപാട് യുഡിഎഫിന് കനത്ത വെല്ലുവിളിയായിരിക്കും.
keywords: kasargod-ddf-candidate-election


Post a Comment
0 Comments