കാസര്‍കോട് :(www.evisionnews.in)എല്ലാം ഞാനെന്നും എല്ലാവരും തനിക്ക് കീഴിലെന്നും പറയുന്നയാളുടെ കീഴില്‍ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് കന്നഡ എഴുത്തുകാരന്‍ ഡോ. കെ എസ് ഭഗവാന്‍ പറഞ്ഞു. 31 ശതമാനം പേരുടെ വോട്ട് നേടി അധികാരത്തില്‍ വന്നവരാണ് രാജ്യത്ത് അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. പുറത്തുള്ള 69 ശതമാനം പേര്‍ ഒന്നിച്ചാല്‍ ഇവരെ വലിച്ചിറക്കാനാകും. ജനാധിപത്യത്തെ വെല്ലുവളിച്ച് അടിയന്തരാവസ്ഥ നടപ്പാക്കിയ ഇന്ദിരഗാന്ധി ഭരണത്തെ 1977-ലെ തെരഞ്ഞെടുപ്പില്‍ താഴെയിറക്കിയത് ജനങ്ങള്‍ ഒന്നായാണ്. ഇത്തരത്തില്‍ ഒന്നായി ചിന്തിച്ച് പ്രവര്‍ത്തിച്ച് അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചാല്‍ പരിഭ്രമിക്കേണ്ട ആവശ്യമില്ല. സിപിഐ എം കാസര്‍കോട് ഏരിയാ കമ്മിറ്റി ഓഫീസായ മാര്‍ക്‌സ്ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ഗ്രന്ഥാലയം കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി, മത, ഭാഷാപരവും മറ്റുള്ളതുമായ അസഹിഷ്ണുതയില്‍രാജ്യം ഭീതിയിലാണ്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങളാണ് നിഷേധിക്കുന്നത്. കേരളത്തില്‍ ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രതയുള്ളവരാണ്. രാഷട്രീയ ബോധമുള്ളവരാണ്. കേരളത്തില്‍ തന്റെ പത്താമത്തെ പരിപാടിയാണിത്. മനുസ്മൃതിയാണ് രാജ്യം ഭരിക്കുന്നവരുടെ ഭരണഘടന. നമ്മോട് സമ്മതിക്കാത്തവരെ കൊല്ലണമെന്നാണ് ഋഗ്വേദം പറയുന്നത്. ഇതില്‍ ധാര്‍മികതയോ മാനവികതയോ ഇല്ല. നാരായണ ഗുരുവും മഹാത്മാഫൂലെയും പെരിയാറും ഡോ. അംബേദ്ക്കറും പറഞ്ഞ കാര്യം തന്നെയാണ് കനയ്യകുമാറും പറഞ്ഞത്. കനയ്യകുമാറിന്റെ തലയറുത്താല്‍ 11 ലക്ഷവും നാവറുത്താല്‍ അഞ്ച് ലക്ഷവും നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനെതിരെ ശക്തമായ പ്രതിഷേധം പോലും രാജ്യത്ത് ഉണ്ടായില്ല. സമ്മതിച്ചാലും ഇല്ലെങ്കിലും ജനാധിപത്യത്തില്‍ അഭിപ്രായ സ്വതന്ത്ര്യമുണ്ടാകണം. കനയ്യകുമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റാത്തതിനാലാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്.
ഭഗവത്ഗീതയില്‍ വൈശ്യരും ശൂദ്രരും സ്ത്രീകളും പാപികളെന്നാണ് പ്രഖ്യാപിക്കുന്നത്. ഉല്‍പാദന പ്രക്രിയയില്‍ പങ്കെടുക്കുന്ന കര്‍ഷകരും തൊഴിലാളികളുമാണിവര്‍. ഇത്തരത്തിലൊന്ന് എങ്ങിനെ ധര്‍മ്മ ഗ്രന്ഥമാകും. അസഹിഷ്ണുത വേദകാലം മുതലുണ്ട്. മാനുസ്മൃതിയാണ് ഇതിന്റെ ആധാരം. ജനാധിപത്യം സമത്വത്തില്‍ വിശ്വസിക്കുമ്പോള്‍ ജാതീയത അസമത്വമാണ് പ്രഖ്യാപിക്കുന്നത്. എല്ലാം ഒന്നെന്ന് പറഞ്ഞ ശങ്കരന്‍ ജാതീയത ശക്തമാക്കിയയാളാണ്. ശുദ്രര്‍ക്ക് അക്ഷരം പഠിക്കാന്‍ അവകാശമില്ലന്നാണ് അദ്ദേഹം പറഞ്ഞത്. മാനവ കുലത്തിന്റെ ശത്രുവാണ് അദ്ദേഹം. ഇതിനാലാണ് ശങ്കരന്റെ നാടായ കേരളത്തെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വളിച്ചത്. മതവും സമുദായവും ജനവും സംവാദത്തിനും ഭിന്നാഭിപ്രായത്തിനും അനുവദിക്കുന്നില്ലെങ്കില്‍ മുന്നോട്ട് പോകില്ല- കെ എസ് ഭഗവാന്‍ പറഞ്ഞു.

Post a Comment
0 Comments