കണ്ണൂര്‍:(www.evisionnews.in) അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീംലീഗിലെ കെ.എം. ഷാജി വീണ്ടും മത്സരിക്കാനിറങ്ങുമ്പോള്‍ എല്‍. ഡി.എഫ് പൊതുസ്വതന്ത്രനായി രംഗത്തിറക്കുന്നത്മുന്‍മന്ത്രി എം.വി. രാഘവന്റെ മകനും പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാറിനെ.
വയനാടു നിന്ന് ചുരമിറങ്ങിവന്ന ഷാജിക്ക് എന്തുകൊണ്ടും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിനിടെയാണ് സി. പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പട്ടികയില്‍ നികേഷ് ഇടംപിടിച്ചിരിക്കുന്നത്. ഒരു ചാനലിന്റെ സാരഥിയെന്ന നിലയിലും എം.വി. രാഘവന്റെ മകന്‍ എന്നനിലയിലും സ്ഥാനാര്‍ത്ഥിക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നതാണ് വലിയ അനുകൂല ഘടകമായി എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ കാണുന്നത്. അഴീക്കോട് മണ്ഡലം സി.എം.പിക്ക് നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണയാകുന്നതിനിടെയാണ് നിലവിലെ എം.എല്‍.എയായ ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വം മുസ്ലിംലീഗ് പ്രഖ്യാപിച്ചത്.
ഷാജി അങ്കം കുറിച്ചുകൊണ്ട് പോരാട്ടവീര്യം കാട്ടിയതോടെ എതിര്‍ചേകവനെ എത്രയുംപെട്ടെന്ന് നിര്‍ണയിക്കേണ്ട ചുമതല എല്‍.ഡി.എഫി നെ നയിക്കുന്ന സി.പി.എമ്മിനു തന്നെയായിരുന്നു. 25 വര്‍ഷക്കാലം ചുവന്നകൊടി മാത്രം പാറിക്കളിച്ച അഴീക്കോട് മണ്ണില്‍ പച്ചക്കൊടിയുടെ തേരോട്ടം നടത്തിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാജി ആയിരുന്നു. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചു പിടിക്കണമെന്നത് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും വാശിയാണ്. അഴീക്കോട് സീറ്റ് സി.എം.പിക്കാണ് നല്‍കുന്നതെങ്കിലും നികേഷിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതാണ് ഗുണംചെയ്യുകയെന്ന് എല്‍.ഡി.എഫില്‍ വലിയ വിഭാഗം കരുതുന്നു.
എല്‍.ഡി.എഫ് കണ്ണൂരില്‍ നിന്ന് മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ധര്‍മ്മടത്തുനിന്ന് പിണറായി വിജയനും മട്ടന്നൂരില്‍ ഇ.പി. ജയരാജനും തളിപ്പറമ്പില്‍ ജെയിംസ് മാത്യുവും മത്സരിക്കും. കല്യാശേരി ടി.വി. രാജേഷ്, തലശേരി എ.എന്‍. ഷംസീര്‍ എന്നിവരും മത്സരിക്കും. പയ്യന്നൂരില്‍ സി. കൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. എങ്കിലും ടി.ഐ.മധുസൂദനന്റെ പേരും പരിഗണനാ ലിസ്റ്റിലുണ്ട്. പേരാവൂരില്‍ കെ.കെ. ശൈലജയെ മത്സരിപ്പിക്കാനാണ് നീക്കം. കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ. സുധാകരനോ അബ്ദുള്ളക്കുട്ടിയോ എന്നുനോക്കി എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാനാണ് തീരുമാനം. കെ. സുധാകരനാണെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ സരളയെ മത്സരിപ്പിക്കുന്ന കാര്യമാണ് സി.പി. എം ആലോചിക്കുന്നത്.

Post a Comment
0 Comments