കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇടുതപക്ഷ ജനാധിപത്യ മുന്നണി ഐ എന്‍ എല്ലിന് വിട്ടുകൊടുത്ത സീറ്റ് പൊതുസ്വതന്ത്രന് വെച്ചുമാറാനുള്ള നീക്കം ഫലത്തില്‍ പെയ്ഡ് സീറ്റായി മുദ്രകുത്തപ്പെടുമോയെന്ന് ഇടതുകേന്ദ്രങ്ങളില്‍ ആശങ്ക പരന്നു. സി പി എം അണികളില്‍ ഈ വിഷയം അതിശക്തമായി ചര്‍ച്ചയായിക്കഴിഞ്ഞു. അതേസമയം ഇടതുപിന്തുണയോടെ ഐ എന്‍ എല്‍ പൊതുസമ്മത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുമെന്ന വാര്‍ത്ത പരന്നത് ബി ജെ പി ക്യാമ്പുകളില്‍ അത്യാഹ്ലാദം പരത്തിയിട്ടുണ്ട്.
കാസര്‍കോട് മണ്ഡലത്തില്‍ ഇടത്-ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി ചിത്രത്തില്‍ ഇല്ലാതായെന്നും ഈ അനുകൂലാവസ്ഥ തങ്ങള്‍ ശരിക്കും മുതലാക്കുമെന്നും ബി ജെ പി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സി പി എം എത്ര കിണഞ്ഞുശ്രമിച്ചാലും മണ്ഡലത്തിലെ ഇടതുപാളയത്തില്‍നിന്ന് ബി ജെ പിയിലേക്ക് ഒഴുകുന്ന വോട്ടുകളെ തടഞ്ഞുനിര്‍ത്താനാകില്ലെന്നും സംഘപരിവാറും കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ഇലക്ഷന്‍ ക്യാമ്പനീയറിംഗില്‍ അടിമുടി നിയന്ത്രണം തങ്ങളുടേതാക്കി ഏറ്റെടുക്കാനാണ് ആര്‍. എസ്. എസ് നീക്കം. സി പി എമ്മും ഐ എന്‍ എല്ലും ചേര്‍ന്ന് പൊതു സ്വതന്ത്രനെ തിരയുന്നത് മണത്തറിഞ്ഞ ഉടന്‍ ഹിന്ദു ഐക്യവേദി നേതാവ് രവീശ തന്ത്രിയെ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കിയത് പരമാവധി ഹിന്ദു വോട്ടുകള്‍ താമരക്കനുകൂലമാക്കാനായിരുന്നു.
സാമ്പത്തികപരാധീനതയാണ് തങ്ങളെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്നോട്ടടുപ്പിച്ചതിന് കാരണമെന്ന് ഐ എന്‍ എല്‍ കേന്ദ്രങ്ങള്‍ പറയുന്നു. കഴിഞ്ഞതവണ ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥി മത്സരിച്ച ഒരൊറ്റ കാരണം കൊണ്ട് സി പി എമ്മിലെ മൃദുഹിന്ദുത്വ വോട്ടുകള്‍ ബി ജെ പിയിലേക്ക് ഒഴുകുകയായിരുന്നു. ഈ തിരിച്ചറിവാണ് ഇത്തവണ സീറ്റുതന്നാലും മത്സരിക്കേണ്ടെന്ന് ഐ എന്‍ എല്‍ ജില്ലാ ഘടകം തീരുമാനിച്ചത്.
സി പി എമ്മിലെ തന്നെ ഒരാള്‍ കാസര്‍കോട്ട് മത്സിക്കട്ടെ എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതും ഐ എന്‍ എല്‍ തന്നെയായിരുന്നു. എന്നാല്‍ സി പി എം സംസ്ഥാന കമ്മിറ്റി ഐ എന്‍ എല്ലിന് അനുവദിച്ച മൂന്നുസീറ്റുകളിലൊന്ന് കാസര്‍കോടായതോടെ ഐ എന്‍ എല്ലും സി പി എമ്മും ശരിക്കും വെട്ടില്‍ വീഴുകയായിരുന്നു. ഇടത്-ഐ എന്‍ എല്‍ സഖ്യത്തിന് ശക്തനായ ഒരു സ്ഥാനാര്‍ത്ഥി ഇല്ലാതാകുന്നത് യു ഡി എഫ് കേന്ദ്രങ്ങളും ആശങ്കയോടെയാണ് കാണുന്നത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുപകരം പൊതുസ്വതന്ത്രനെ തിരയുന്നതിലും മത്സരിപ്പിക്കുന്നതിലും സി പി എമ്മിന് എതിര്‍പ്പില്ലെന്നാണ് ഒരു ഐ എന്‍ എല്‍ ജില്ലാ നേതാവ് പറഞ്ഞത്. ഇത് പറയുമ്പോഴും ആ നേതാവിന് കാസര്‍കോട്ടെ കാര്യത്തില്‍ കടുത്ത ആശങ്കതന്നെയാണ് പ്രകടിപ്പിക്കുന്നത്. ഒരുപക്ഷെ സംസ്ഥാനത്ത് എല്‍ ഡി എഫ്-ഐ എന്‍ എല്‍ സഖ്യം മത്സരത്തിന്റെ ചിത്രത്തിലില്ലാത്ത ഏക മണ്ഡലമായിരിക്കും കാസര്‍കോട്. എല്‍ ഡി എഫിലാണെങ്കില്‍ സി പി എമ്മിനല്ലാതെ മറ്റൊരു കക്ഷിക്കും മണ്ഡലത്തില്‍ സ്വാധീനമില്ല. ഐ എന്‍ എല്ലിന് വിട്ടുകൊടുത്ത സീറ്റ് പൊതുസമ്മതന് വെച്ചുമാറുന്നത് മണ്ഡലത്തിലെ സി പി എമ്മിനെ സംബന്ധിച്ച് രാഷ്ട്രീയമായി ആത്മഹത്യാപരമായ തീരുമാനമായും വിലയിരുത്തുന്ന ഇടതുഅനുകൂലികളും സഹയാത്രികരുമുണ്ട്.
keywords: ksd-inl-indipendant-ldf-candidate
Post a Comment
0 Comments