ന്യൂഡല്‍ഹി: (www.evisionnews.in) കോണ്‍ഗ്രസ് സീറ്റു ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ സജീവമായിരിക്കേ കേരളത്തിലേക്ക് തിരിച്ചു പോകാനുള്ള പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൊടുന്നനെ റദ്ദാക്കി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശേഷമാണ് മുഖ്യമന്ത്രി കേരളാ ഹൗസിലേക്ക് തിരിച്ചെത്തിയത്.
അതിനിടെ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ ഒളിയമ്പെയ്ത് ഉമ്മന്‍ ചാണ്ടി നിലപാട് കടുപ്പിച്ചു. മാറിനില്‍ക്കണമെങ്കില്‍ താനും മാറാമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മുന്നറിയിപ്പ്.താനാണ് ഏറ്റവും കൂടുതല്‍ മത്സരിച്ചത്.തനിക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും ആരോപണ വിധേയര്‍ എല്ലാവരും മാറി നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. അതിനിടെ കോടതി ശിക്ഷിക്കാത്തവരെ പാര്‍ട്ടി ശിക്ഷിക്കരുതെന്ന് കെ.മുരളീധരനും പ്രസ്താവനയിറക്കി രംഗം കൊഴുപ്പിച്ചു.
ചൊവ്വാഴ്ച്ച ഐ.സി.സി സ്‌ക്രീനിങ് സമിതി യോഗത്തിലും ഭിന്ന സ്വരം ഉയര്‍ന്നതിനേത്തുടര്‍ന്ന് യോഗം അവസാനിക്കുന്നതിന് മുമ്പേ ഉമ്മന്‍ ചാണ്ടി മടങ്ങിയിരുന്നു. നിലവില്‍ ധാരണയായ നാല് സീറ്റുകളില്‍ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പുതിയ ആളുകളെ നിര്‍ദ്ദേശിച്ചത് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളത്തിലേക്ക് മടങ്ങാതെ ഡല്‍ഹിയില്‍ തുടരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. സുധീരന്റെ നീക്കത്തെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിര്‍ത്തിട്ടുണ്ട്.
ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, കോന്നി മണ്ഡലത്തില്‍ മന്ത്രി അടൂര്‍ പ്രകാശിനു പകരം പത്തനംതിട്ട ഡി.സി.സി. അധ്യക്ഷന്‍ പി. മോഹന്‍രാജ്, തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനു പകരം എന്‍. വേണുഗോപാല്‍, തൃക്കാക്കരയില്‍ ബെന്നി ബഹനാനു പകരം പി.ടി. തോമസ് എന്നിവരുടെ പേരുകളാണ് സുധീരന്‍ മുന്നോട്ടു വെച്ചത്.
keyword-inc-ele
Post a Comment
0 Comments