ഉദുമ: (www.evisionnews.in)കോട്ടകളുടെ മണ്ഡലമാണ് ഉദുമ നിയോജക മണ്ഡലം. ലോക പ്രസിദ്ധമായ ബേക്കല്‍ കോട്ടയും ബന്തടുക്ക കോട്ടയും മുളിയാറിലെ പൊവ്വല്‍ കോട്ടയും മേല്‍പറമ്പിലെ ചന്ദ്രഗിരി കോട്ടയും അജനാനൂരിലെ ചിത്താരിക്കോട്ടയും തുടങ്ങിയ കോട്ടകൊത്തളങ്ങളുടെ നാടാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഈ മണ്ഡലം സിപിഎമ്മിന്റെ ആധിപത്യത്തിലുള്ള ചെങ്കോട്ടയാണിത്. ഈ കോട്ട തകര്‍ക്കാനാണ് കണ്ണൂര്‍ കോട്ടയുടെ നാട്ടില്‍ നിന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസിലെ തീപ്പൊരി നേതാവായ കെ സുധാകരനെ രംഗത്തിറക്കാന്‍ യുഡിഎഫ് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി ആലോചിക്കുന്നത്. ജില്ലാ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് കളിയും അതിരുവിടാറുള്ള അടികലശലുകളും ഇക്കുറി സുധാകരനെത്തിയാല്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സുധാകരന്റെ ഗരിമയോടെയുള്ള പ്രചാരണത്തില്‍ മാര്‍ക്‌സിസ്റ്റ് പ്രതീക്ഷകള്‍ മൂക്കുകുത്തി വീഴുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സുധാകരന്റെ വരവില്‍ മണ്ഡലത്തില്‍ ശക്തരായ മുസ്ലിം ലീഗും അതിരറ്റ ആഹ്ലാദത്തിലാണ്. മാര്‍ക്‌സിസ്റ്റ് മേല്‍ക്കോയ്മ തകര്‍ക്കണമെന്നാണ് ലീഗിന്റെയും ആവശ്യം.
സിഐടിയു സംസ്ഥാന സെക്രട്ടറികൂടിയായ പി രാഘവനും യുവ സിപിഎം നേതാവ് കെ.വി കുഞ്ഞിരാമനും രണ്ടു തവണ വീതം നിയമസഭയെ പ്രതിനിധീകരിച്ച ശേഷമാണ് നിലവില്‍ എംഎല്‍എയായ കെ കുഞ്ഞിരാമന്‍ 2011ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വീണ്ടും പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സികെ ശ്രീധരനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ എന്‍.കെ ബാലകൃഷ്ണനും കെപി കുഞ്ഞിക്കണ്ണനും ഉദുമയിലൂടെയാണ് നിയമസഭയിലെത്തിയത്. ഇടക്കൊരിക്കല്‍ കോണ്‍ഗ്രസ് വിമതനായി രംഗത്ത് വന്ന എം കുഞ്ഞിരാമന്‍ നമ്പ്യാരെ സിപിഎം ജയിപ്പിച്ച് വിട്ട ചരിത്രവും അതേ കുഞ്ഞിരാമന്‍ നമ്പ്യാരെ തോല്‍പിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്. ജില്ലയിലെ പ്രമുഖ അഭിഭാഷകന്‍ കെ പുരുഷോത്തമനും രണ്ടു തവണ മണ്ഡത്തെ പ്രതിനിധീകരിച്ചു. ഒരിക്കല്‍ മുസ്ലിംലീഗിലെ പി മുഹമ്മദ് കുഞ്ഞി മാസ്റ്ററും ബിജെപിയുടെ സ്ഥാപക നേതാവ് കെജി മാരാരും മണ്ഡലത്തില്‍ പൊരുതി തോറ്റവരാണ്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖിന് പി കരുണാകരന്‍ എംപിയെക്കാള്‍ മണ്ഡലത്തില്‍ 835 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ഈ നേരിയ മുന്നേറ്റം ഉയര്‍ത്തിക്കാട്ടിയാണ് മണ്ഡലം ഇക്കുറി യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസും മുസ്ലിംലീഗും പെരുമ്പറയടിക്കുന്നത്. ഇവരുടെ ഈ വാദങ്ങളുടെ മുനകള്‍ സിപിഎം അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ കണക്കനുസരിച്ച് സുധാകരനല്ല എത്രവലിയ കൊലക്കൊമ്പന്‍ വന്നാലും 2011ലെ വിജയം ആവര്‍ത്തിക്കുമെന്നും ഇടതു കേന്ദ്രങ്ങള്‍ ഉറപ്പിക്കുന്നു. ബേഡകത്തെ വിഭാഗീയതയും മറ്റും നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും സിപിഎം നേതൃത്വം പറയുന്നു.
ദേലംപാടിയും ബേഡകവും കുറ്റിക്കോലും പള്ളിക്കരയും പുല്ലൂര്‍-പെരിയയും സിപിഎം പഞ്ചായത്തുകളാണ്. ഉദുമയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ്. മുളിയാറില്‍ നറുക്കെടുപ്പിലൂടെയാണ് മുസ്ലിം ലീഗിന് പഞ്ചായത്ത് പ്രസിഡണ്ട് പദം ലഭിച്ചത്. ചെമ്മനാട് പഞ്ചായത്താണ് യുഡിഎഫിന്റെ മണ്ഡലത്തിലെ ശക്തി കേന്ദ്രം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ഒമ്പതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടെന്ന് നേതൃത്വം കണക്കുകള്‍ നിരത്തുന്നു.
key words-sudakaran-uduma

Post a Comment
0 Comments