Type Here to Get Search Results !

Bottom Ad

ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നു: അണികളില്‍ ആശയക്കുഴപ്പം


കാസര്‍കോട്:(www.evisionnews.in) ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് യു.ഡി.എഫ് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. അതേസമയം മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത് സജീവവുമാണ്. നിലവില്‍ ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഇടതുപക്ഷമാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ഉദുമയില്‍ കെ കുഞ്ഞിരാമനും കാഞ്ഞങ്ങാട്ട് ഇ ചന്ദ്രശേഖരനും തൃക്കരിപ്പൂരില്‍ കന്നിക്കാരനായ എം രാജഗോപാലനുമാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കുഞ്ഞിരാമനും ചന്ദ്രശേഖരനും രാജഗോപാലനും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സക്രിയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുലര്‍ച്ചെ ആരംഭിക്കുന്ന ഇവരുടെ പ്രചാരണം രാത്രിവൈകുംവരെ നീളുന്നുണ്ട്. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സിഎച്ച് കുഞ്ഞമ്പുവും പ്രചാരണ രംഗത്ത് സജീവമാണ്. യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മതനേതാക്കളെയും പൗരപ്രമുഖരെയും പ്രമുഖ കുടുംബാംഗങ്ങളെയും നേരിട്ടു കാണുന്ന തിരക്കിലാണിവര്‍. ഇവരുടെ ഈ പ്രചാരണം മുന്നേറുന്നതിനിടയില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാകുന്നത് മ്ലാനത മാത്രമാണ്.

ഉദുമ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി കെ സുധാകരന്‍ എത്തുമെന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ് -മുസ്ലിംലീഗ് നേതൃത്വങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സുധാകരന്റെ ഉദുമയിലേക്കുള്ള വരവ് സംബന്ധിച്ച് ഇപ്പോഴും ആശങ്കകളാണ് നിലനില്‍ക്കുന്നത്. ഡിസിസി യോഗത്തില്‍ മുന്നറിയിപ്പില്ലാതെ എത്തി ഉദുമയില്‍ സ്ഥാനാര്‍ത്ഥി താനാണെന്ന് പ്രഖ്യാപിച്ച കെ സുധാകരനെതിരെ ജില്ലാ കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി രാമകൃഷ്ണന്‍ പൊട്ടിച്ച വെടിയുടെ പുകപടലങ്ങള്‍ ഇതുവരെ കെട്ടടങ്ങിയില്ലാത്തതും ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരെന്നെത് സംബന്ധിച്ച കാര്യങ്ങള്‍ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. ഉദുമയില്‍ സീറ്റ് മോഹിച്ച പെരിയ ബാലകൃഷ്ണന് വേണ്ടിയാണ് പി രാമകൃഷ്ണന്‍ വെടിയുതിര്‍ത്തതെന്നാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍. പെരിയ ബാലകൃഷ്ണന് മണ്ഡലത്തിലുള്ള തന്റെ ജാതീയമായ മേല്‍ക്കോയ്മ ഉയര്‍ത്തിപ്പിടിച്ച് സീറ്റ് നേടാനാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ പരസ്യമായിക്കഴിഞ്ഞു. അതേസമയം, കണ്ണൂരിലെ നിലയ്ക്കാത്ത കോണ്‍ഗ്രസ് ചേരിപ്പോര് മൂലമാണ് സുധാകരന്റെ ഉദുമ പ്രവേശം നീളുന്നതിന് പിന്നിലെന്നും സൂചനയുണ്ട്. ഇനി ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കുമ്പോള്‍ ഇതില്‍ സുധാകരന്‍ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad