കാഞ്ഞങ്ങാട: (www.evisionnews.in) കാഞ്ഞങ്ങാട്ടെ നിത്യാനന്ദ ജ്വല്ലറിയില്‍ കവര്‍ച്ചക്ക് ശ്രമിച്ചത് ഏഴംഗ സംഘം. നോര്‍ത്ത് കോട്ടച്ചേരിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്‌തെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 21 ന് വൈകിട്ടാണ് സംഘം ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നു മുറികളിലാണ് താമസിച്ചത്.
സംഘത്തിന്റെ തലവന്‍ എന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശിയുടെ ഭാര്യയും കൂട്ടത്തിലുണ്ടായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച വന്‍ കവര്‍ച്ച സംഘത്തിന്റെ കണ്ണികളാണ് ഇവരെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട സംഘം 15 ദിവസത്തോളം പലയിടങ്ങളിലായി കറങ്ങി ബംഗളൂരുവിലെത്തി. പിന്നീട് കല്‍പ്പറ്റയിലെത്തിയ സംഘം കാഞ്ഞങ്ങാട് ലക്ഷ്യമിടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് നിത്യാനന്ദ ജ്വല്ലറിയില്‍ കവര്‍ച്ചശ്രമം നടന്നത്. അറസ്റ്റിലായ യുവാവിന്റെ ബാഗില്‍ തോക്കും തിരകളും ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന സ്‌പ്രേയും ഇലക്ട്രിക്കല്‍ ഷോക്ക് ഉപകരണങ്ങളും മുളക് പൊടിയും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ ഏഴുപേര്‍ ഉള്ളതായും ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാറുമായാണ് കാഞ്ഞങ്ങാടെത്തിയതെന്നും പൊലീസിനു മനസിലായത്.
അന്വേഷണം ഡല്‍ഹിയിലേക്ക് നീളുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അറസ്റ്റിലായ ന്യൂഡല്‍ഹി സോനപൂര്‍ ബദലി നമ്പര്‍ പത്തിലെ രാഹുല്‍ ശര്‍മ്മ(19), ബബ്‌ളു (19) എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. രണ്ടാഴചത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ടുപേരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയെ സമീപിക്കും. ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ബിജുലാല്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
keywords: jewellery-loot-kanhangad-7-gang

Post a Comment
0 Comments