ചെറുവത്തൂര്‍: (www.evisionnews.in) ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും നിരോധിച്ച പാന്‍മസാലകളുമായി രണ്ടു പേര്‍ ചെറുവത്തൂരില്‍ മേല്‍പ്പാലത്തിനു സമീപം പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം മംഗളൂരു-ചെന്നൈ മെയിലില്‍ വന്നിറങ്ങിയ കിനാത്തിലെ പി. നാരായണന്‍(53), കരിവെള്ളൂരിലെ സി.വി. രാഘവന്‍(66) എന്നിവരില്‍ നിന്നാണ് ചന്തേര എഎസ്‌ഐ വി. സുരേന്ദ്രനും പാര്‍ട്ടിയും 12കുപ്പി മദ്യവും 240പാക്കറ്റ് നിരോധിച്ച പാന്‍മസാലയും പിടിച്ചെടുത്തത്. മുളകിനോടൊപ്പം ചാക്കില്‍ ഒളിപ്പിച്ചുവച്ചാണ് മദ്യവും പാന്‍മസാലയും കടത്തിയത്.
മംഗളൂരുവില്‍ നിന്നു തൃക്കരിപ്പൂര്‍, കരിവെള്ളൂര്‍, പടന്ന എന്നിവിടങ്ങളിലെ കടകളിലേക്കു പലചരക്കു സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ ചിലരാണ് ഇതിന്റെ മറവില്‍ ലഹരിവസ്തുക്കള്‍ കടത്തി കൊണ്ടുവരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന മദ്യം വാങ്ങാന്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്തു തന്നെ ആവശ്യക്കാര്‍ എത്താറുണ്ടെന്നും നിരോധിച്ച പാന്‍മസാലകള്‍ കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, ഉദിനൂര്‍, പടന്ന എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്കടുത്തുള്ള കടകളിലാണ് വിതരണം ചെയ്യുന്നതെന്നും പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്.
ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു ട്രെയിനില്‍ കഞ്ചാവ് കടത്തുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിക്കര, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നത്. കഞ്ചാവ് പ്രധാനമായും വില്‍പ്പന നടത്തുന്നത് തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളിലുമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ലഹരിവസ്തുക്കളുടെ കടത്തും വില്‍പ്പനയും പൂര്‍ണമായും നിയന്ത്രിക്കാന്‍ പൊലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
keywords: train-pan-masala-smuggle-two-arrest-cheruvathur

Post a Comment
0 Comments