Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍, ഏഴിമല സ്റ്റേഷന്‍ കെട്ടിടം പണി തുടങ്ങി

തൃക്കരിപ്പൂര്‍:(www.evisionnews.in) തൃക്കരിപ്പൂരിലെയും ഏഴിമലയിലെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള റെയില്‍വേ സ്റ്റേഷന്‍ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയുന്നു. ചെറുവത്തൂരില്‍ പുതിയ കാത്തിരിപ്പ് കേന്ദ്രവും ഇതോടൊപ്പം പണിയും.
പി കരുണാകരന്‍ എംപിയുടെ ഇടപെടലിന്റെ ഭാഗമായാണ് മൂന്ന് സ്റ്റേഷന്റെയും അടിസ്ഥാന സൌകര്യം വികസിപ്പിക്കാന്‍ 8.75 കോടി അനുവദിച്ചത്. 25ന് മുമ്പ് പണി ആരംഭിക്കും. പത്തുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നിലവിലെ കെട്ടിടത്തിന്റെ വടക്ക് നൂറുമീറ്റര്‍ മാറിയാണ് പുതിയ കെട്ടിടം. കരാറുകാര്‍ കഴിഞ്ഞദിവസം തൃക്കരിപ്പൂരിലെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പ്ളാറ്റുഫോമുകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം പണി അവസാന ഘട്ടത്തിലാണ്. കെട്ടിടം പണിക്ക് അനുബന്ധമായി ഉയരം കുറഞ്ഞ ഒന്നാം പ്ളാറ്റ്ഫോം ഉയര്‍ത്തും. മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെസിആന്‍ കമ്മത്ത് കണ്‍സട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണച്ചുമതല. യാത്രക്കാര്‍ക്ക് കാത്തിരിപ്പ് കേന്ദ്രം, ടിക്കറ്റ് കൌണ്ടര്‍, സ്റ്റേഷന്‍ മുറി, ജനറേറ്റര്‍ മുറി തുടങ്ങിയ സൌകര്യങ്ങളോടുകൂടിയ കെട്ടിടമാണ് തൃക്കരിപ്പൂരിലും ഏഴിമലയിലും പണിയുന്നത്. കെട്ടിടങ്ങള്‍ക്ക് 70 ലക്ഷവും ചെറുവത്തൂരില്‍ യാത്രക്കാര്‍ക്ക് കംഫര്‍ട്ട് സ്റ്റേഷനോട് കൂടിയ കാത്തിരിപ്പ് കേന്ദ്രത്തിന് 17. 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. 2013ലാണ് പ്രവൃത്തിക്ക് റെയില്‍വേ അനുമതി നല്‍കിയത്. മൂന്നുതവണ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്ന് പദ്ധതിക്ക് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കാലതാമസം നേരിടുമെന്ന് മനസിലാക്കി വീണ്ടും കരാര്‍ ക്ഷണിക്കാന്‍ എംപി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും കരാര്‍ ക്ഷണിച്ച് നിര്‍മാണക്കരാര്‍ ഒപ്പുവച്ചത്. ചെറിയ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ റെയില്‍വേയുടെ അംഗീകൃത കരാറുകാര്‍ തയ്യാറാകാത്തതാണ് കാത്തിരിപ്പ് നീളാനിടയാക്കിയത്. 
കാലപ്പഴക്കത്താല്‍ ചോര്‍ന്നൊലിക്കുന്ന തൃക്കരിപ്പൂരിലെ കെട്ടിടത്തില്‍ മഴക്കാലത്ത് പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചാണ് ചോര്‍ച്ച തടയുന്നത്. ഒരു മുറിയിലാണ് ടിക്കറ്റ് കൌണ്ടറും സ്റ്റേഷന്‍ മുറിയും പ്രവര്‍ത്തിക്കുന്നത്. ഇതിനകത്താണ് ജനറേറ്ററും അനുബന്ധ ഉപകരണങ്ങളുമുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad