കാസര്‍കോട് (www.evisionnews.in): നിയമസഭയില്‍ മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കുന്നവര്‍ തദ്ദേശീയരാവണമെന്ന മണ്ഡലത്തിലെ പൊതുആവശ്യം തിരിച്ചറിഞ്ഞ് സിപിഎം മണ്ഡലത്തില്‍ നിയമസഭയിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും തുളുനാട്ടിലെ പ്രമുഖ പാര്‍ട്ടി നേതാവുമായ എം ശങ്കര്‍ റൈയെ സ്ഥാനാര്‍ത്ഥിയാക്കി രംഗത്തിറക്കാന്‍ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതിന് വേണ്ടി മണ്ഡലത്തില്‍ പാര്‍ട്ടി തലത്തില്‍ അഭിപ്രായ സര്‍വെയും സ്വരൂപിക്കുന്നുണ്ട്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ഡോ വിപിപി മുസ്തഫയെ മഞ്ചേശ്വരത്ത് പോരിനിറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ പാര്‍ട്ടിയില്‍ ആലോചനകളുണ്ടായെങ്കിലും മണ്ഡലത്തിലെ ഇടതു വലതു മുന്നണികളിലും ബിജെപിയിലും തദ്ദേശീയരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മുറവിളികളുയരുകയാണ്. ഈ പ്രാദേശി വികാരത്തിന്റെ ചൂടേറ്റാണ് മുസ്തഫയെ മാറ്റി പുതിയ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി ആലോചനകള്‍ തുടങ്ങിയത്.
ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശങ്കര്‍ റൈ പാര്‍ട്ടിയുടെ കുമ്പള ഏരിയ കമ്മിറ്റി അംഗവും തുളുനാട് ടൈംസ് പത്രത്തിന്റെ എഡിറ്ററുമാണ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. ബാഡൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനായ മണ്ഡപ്പാടി ശങ്കര്‍ റൈ തുളുനാട്ടിലെ പ്രമുഖ യക്ഷഗാന കലാകാരനും നര്‍മ്മ ഭാഷകനും ഇടതു മുന്നണി സ്ഥാപിച്ച കുമ്പളയിലെ പാര്‍ത്തിസുബ്ബ യക്ഷഗാന കേന്ദ്രത്തിന്റെ അമരക്കാരിലൊരാളുമായിരുന്നു. അങ്കടിമുഗറിലെ പ്രമുഖ ബണ്ട്‌സ് കുടുംബാംഗമായ ശങ്കര്‍ റൈക്ക് സാമുദായികവും ബന്ധുജനങ്ങളുടെയും വോട്ടുകളുടെ പിന്‍ബലവുമുണ്ട്.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. ഇരുമുന്നണികള്‍ക്ക് പുറമെ ബിജെപിയും ഒപ്പത്തിനൊപ്പമാണ് പോരടിക്കുന്നത്. 2006ല്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു വിജയിച്ച തെരഞ്ഞെടുപ്പില്‍ മാത്രമാണ് ബിജെപി ഇവിടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത്. 1957ല്‍ സ്വതന്ത്രനായി സ്വാതന്ത്ര്യസമര സേനാനി എം ഉമേഷറാവു എതിരില്ലാതെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. അന്ന് സംസ്ഥാനത്തെ ഈ അപൂര്‍വ്വത നിറഞ്ഞ തെരഞ്ഞെടുപ്പ് ചരിത്രം ഇതുവരെ മാറ്റിയെഴുതപ്പെട്ടിട്ടില്ല. 1960, 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ കല്ലക മഹാബല ഭണ്ഡാരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1970, 1977 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ എം രാമപ്പയും 1980, 1982 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡോ എ സുബ്ബറാവും മഞ്ചേശ്വരത്ത് വിജയം കൊയ്തു. 1980ല്‍ രൂപീകൃതമായ ഇടതുപക്ഷ ജനാധിപത്യ മ ുന്നണിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഡോ എ സുബ്ബറാവു. ഇദ്ദേഹം അക്കൊല്ലം അധികാരത്തിലേറ്റ ആദ്യ നായനാര്‍ മന്ത്രി സഭയില്‍ മന്ത്രിയുമായി. 1987, 1991, 1996, 2001 വര്‍ഷങ്ങളില്‍ മുസ്ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ല മണ്ഡലത്തില്‍ പരമ്പര വിജയം കൊയ്തു. 2001ല്‍ ചെര്‍ക്കളം തദ്ദേശവകുപ്പ് മന്ത്രിയുമായി. 2006ല്‍ സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്തെ ചെര്‍ക്കളത്തിന്റെ കുത്തക തകര്‍ത്തു. 2011ല്‍ ലീഗിലെ പിബി അബ്ദുല്‍ റസാഖ് സിപിഎമ്മിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി മണ്ഡലം യുഡിഎഫിനൊപ്പം ചേര്‍ത്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇക്കുറിയും പിബി അബ്ദുല്‍ റസാഖിന്റെ പേര് പ്രചരിക്കുമ്പോള്‍തന്നെ പ്രാദേശിക മുസ്ലിംലീഗ് നേതാക്കളുടെ പേരുകളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ബിജെപി കെ സുരേന്ദ്രന് പകരം തദ്ദേശീയനായ സ്ഥാനാര്‍ത്ഥിയെ തിരയുന്നുണ്ട്. സിപിഎം ശങ്കര്‍ റൈയെ രംഗത്തിറക്കിയാല്‍ ഇദ്ദേഹത്തെ വെല്ലുന്ന തുളുവിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. കോണ്‍ഗ്രസിലെ അഡ്വ സുബ്ബയ്യ റൈക്ക് മഞ്ചേശ്വരത്തോട് ഏറെ മോഹമുണ്ടെങ്കിലും മുസ്ലിംലീഗിന് മുന്നില്‍ സുബ്ബയ്യയുടെ മോഹം വെറുതെ ഒരു മോഹം മാത്രമായി അവശേഷിക്കും.
Keywords: Kasaragod-news-cpm-league

Post a Comment
0 Comments