Type Here to Get Search Results !

Bottom Ad

മോദി രാജ്യത്ത് ഗോഡ്‌സെയിസം നടപ്പാക്കുന്നു -സുധീരന്‍


തിരുവനന്തപുരം (www.evisionnews.in): നരേന്ദ്ര മോദിയെ നയിക്കുന്നത് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേ ഉയര്‍ത്തിയ വര്‍ഗീയതയാണെന്നും രാജ്യത്ത് ഗോഡ്‌സേയിസം നടപ്പാക്കാനാണ് മോദിയും സംഘവും ശ്രമിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. ലോകം ഗാന്ധിസത്തിലേക്ക് മടങ്ങുമ്പോള്‍ മോദി നാഥൂറാം ഗോഡ്‌സെ ഉയര്‍ത്തുന്ന വര്‍ഗ്ഗീയത നടപ്പാക്കി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. മോദി ഭരണത്തിന്‍ കീഴില്‍ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയുണ്ടായി. ഇന്ത്യന്‍ സൈന്യത്തിന്റെ പത്താന്‍കോട്ടെ മര്‍മ്മപ്രധാനമായ ആസ്ഥാനത്ത് അക്രമണം നടത്തി രാജ്യസുരക്ഷയെ മുള്‍മുനയില്‍ നിര്‍ത്തി. രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയെ ഫല്രപദമായി മാറ്റിമറിക്കാന്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ രൂപം കൊണ്ട മതേതരത്വ കൂട്ടായ്മ കേരളത്തിലും രൂപപ്പെടണം. സി.പി.എമ്മിന്റെ മതേതരവാദം അവസരവാദപരമാണ്. അക്രമരാഷ്ട്രീയത്തിനു കൂട്ടുനില്‍ക്കുന്ന സി.പി.എം മോദി രാഷ്ട്രീയത്തിന്റെ മറ്റൊരു വശമാണ്. ഏവരും ബഹുമാനിക്കുന്ന ടി.പി.ശ്രീനിവാസനെ നടുറോഡില്‍ ക്രൂരമായി തല്ലിവീഴ്ത്തിയ സംഭവത്തില്‍ സംസ്ഥാനം ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുകയാണ്. ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട കാരായിമാരില്‍ ഒരാളെ മുനിസിപ്പല്‍ ചെയര്‍മാനും മറ്റൊരാളെ ജില്ലാപഞ്ചായത്ത് അധ്യക്ഷനുമാക്കി മാറ്റിയതോടെ സി.പി.എം ക്രിമിനലുകളുടെ കൂടാരമായി മാറുകയാണ്. മദ്യമുതലാളികളെയും കള്ളക്കഥകള്‍ വാതോരാതെ പുലമ്പുന്ന ക്രിമിനലുകളെയും കൂട്ടുപിടിച്ച് ഭരണത്തില്‍ എത്തിപ്പിടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സുധീരന്‍ തുറന്നടിച്ചു.

രാജ്യത്ത് ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നതില്‍ നരേന്ദ്ര മോദി സര്‍വകാല റെക്കോഡാണ് നേടിയിട്ടുള്ളത്. വര്‍ധിച്ചു വരുന്ന ഇന്ധനവില നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിപ്പിച്ചിരിക്കുന്നു. ലോക സാമ്പത്തികരംഗം മാന്ദ്യത്തിന്റെ പിടിയിലായപ്പോഴും സംസ്ഥാനത്തെ ശക്തിപ്പെടുത്തിയ പ്രവാസി മലയാളികളുടെ ഉന്നതിക്ക് വേണ്ടി താങ്ങും തണലുമായ പ്രവാസി ക്ഷേമകാര്യ വകുപ്പ് നിര്‍ത്തലാക്കി. തൊഴില്‍ മേഖലയും കുട്ടിച്ചോറാക്കി. തൊഴിലാളികളുടെ സംരക്ഷണത്തിനു കഴിഞ്ഞ കാലങ്ങളിലെ സര്‍ക്കാരുകള്‍ കൊണ്ടു വന്ന നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുകയാണ്.

115 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 28 ഡോളറായി കുറഞ്ഞു. എന്നിട്ടും ഇപ്പോഴത്തെ ഇന്ധനവിലയുടെ നാലിലൊന്ന് കുറയ്ക്കാന്‍ കേന്ദ്രം തയാറായിട്ടില്ലെന്നു മാത്രമല്ല ഒമ്പതു തവണ ഏക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. നാഥനില്ലാ കളരിയായ റബ്ബര്‍ ബോര്‍ഡില്‍ ഭരണസ്തംഭനാവസ്ഥ തുടരുകയാണ്. കര്‍ഷകരില്‍ നിന്നു കൂടി സംഭരിച്ച വിലസ്ഥിരതാ ഫണ്ടിലെ 1100കോടി രൂപയില്‍ നിന്നും 500 കോടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു നിരാകരിച്ചു. കാര്‍ഷിക കടാശ്വാസമായി 22,000 കോടി രൂപ യു.പി.എ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്ക് യാതൊന്നും നല്‍കാതെ കാര്‍ഷിക മേഖലയാകെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്ര മന്ത്രിസഭയും മോദിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഭരണഘടന കാറ്റില്‍പറത്തി വര്‍ഗീയംവിഷം കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ നടത്തുന്നതെന്നും ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം 650ല്‍പ്പരം സാമൂഹ്യ സംഘര്‍ഷങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Keywords; Kerala-news-modi-godseism-vm-sudheeran




Tags

Post a Comment

0 Comments

Top Post Ad

Below Post Ad