കോഴിക്കോട് (www.evisionnews.in): ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിന് വിമര്‍ശനവുമായി എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏത് കാര്യത്തിലും അഭിപ്രായം പറയാനുള്ള മോഹന്‍ലാലിന്റെ അവകാശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ ഇന്ത്യയെ കുറിച്ചും ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെന്തെന്നും എം.ബി രാജേഷ് വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യ സമരത്തിലൂടെ ഉയര്‍ന്നുവന്ന ജനകീയ ഐക്യമാണ് വൈവിധ്യങ്ങളുടെ ഒരു സമന്വയമായി ആധുനിക ഇന്ത്യയെ സൃഷ്ടിച്ചത്. ആ വൈവിധ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തിലൂടെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം ഉയര്‍ന്നു വന്നത്. ആ ആശയത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികളെന്ന് മോഹന്‍ലാല്‍ മനസിലാക്കണമെന്ന് എം.ബി രാജേഷ് പറയുന്നു. ആമീര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, എ.ആര്‍.റഹ്മാന്‍, ആനന്ദ് പട് വര്‍ധന്‍ തുടങ്ങിയവരും ഗസല്‍ ഗായകന്‍ ഗുലാം അലിയ്ക്ക് നേരിടേണ്ടിവന്ന എതിര്‍പ്പുകളും ദുരനുഭവങ്ങളും എം.ബി രാജേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലിനെ ഓര്‍മ്മിപ്പിക്കുന്നു.
71 ല്‍ ഇന്ത്യപാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത, ഒരു മുന്‍ സൈനികന്റെ മകനായ തനിക്ക് സൈനികരുടെ ത്യാഗത്തെക്കുറിച്ചും ജീവാര്‍പ്പണത്തെക്കുറിച്ചും സിനിമയില്‍ സൈനിക വേഷമണിയുകയും ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഹോണററി ലെഫ്. കേണല്‍ പദവിയിലിരിക്കുകയും ചെയ്യുന്ന മോഹന്‍ലാലിന്റെ വികാരം മനസിലാകുമെന്നും വ്യക്തമാക്കിയ രാജേഷ്, ജലന്ധറിലെ ആര്‍മി ഹോസ്പിറ്റലില്‍ ജനിച്ച് ജലന്ധറിലെയും സെക്കന്തരാബാദിലേയും ആര്‍മി ക്വാര്‍ട്ടേഴ്‌സുകളില്‍ വളര്‍ന്ന് സൈനികജീവിതത്തെ അടുത്ത് നിന്ന് നേരിട്ടറിഞ്ഞ ഒരാളെന്ന നിലയിലും എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐ.യിലും ഒരേ കൊടിയുടെ തണലില്‍ മുദ്രാവാക്യം മുഴക്കിയ ഒട്ടേറെപ്പേര്‍ ഇപ്പോഴും സൈനികയൂണിഫോമില്‍ സുഹൃത്തുക്കളായി ഉള്ളതുകൊണ്ടും സൈനികരുടെ ജീവിതം എനിക്കൊരു ചലച്ചിത്രാനുഭവമല്ലെന്നും അടുത്തറിഞ്ഞ യാഥാര്‍ത്ഥ്യമാണെന്നും പറയുന്നു.
ജാതിവാദത്തെയും സംഘപരിവാറിന്റെ മതാധിഷ്ടിത രാഷ്ട്രവീക്ഷണത്തെയും ചോദ്യം ചെയ്തതാണ് കനയ്യ രാജ്യദ്രോഹിയാകാനും തുറുങ്കിലടയ്ക്കപ്പെടാനും രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥി മരണാനന്തരം രാജ്യദ്രോഹിയായി തീരാനുള്ള കാരണമെന്നും പറഞ്ഞ രാജേഷ് തിരക്കൊഴിഞ്ഞ് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ കനയ്യകുമാറിന്റെ ഹൃദയസ്പര്‍ശിയായ പ്രസംഗം വായിക്കണമെന്നും അതിനെക്കുറിച്ചുള്ള അഭിപ്രായം കൂടി ബ്ലോഗിലൂടെ പങ്ക് വയ്ക്കണമെന്നും മോഹന്‍ലാലിനോട് അഭ്യര്‍ത്ഥിച്ചു.
രാജ്യദ്രോഹികളായ വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന ഭീഷണിയുമായി അധോലോക നായകന്‍ രവിപൂജാര രംഗത്തിറങ്ങിയ വാര്‍ത്തയെ ചൂണ്ടിക്കാട്ടി രാജ്യസ്‌നേഹികളുടെ എണ്ണം കൂടി വരികയാണെന്ന് പറഞ്ഞുകൊണ്ടാണ് എം.ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Post a Comment
0 Comments